spot_imgspot_img

പാടിപ്പതിഞ്ഞ് കേരളീയം; മലയാളത്തിന്റെ ഈണമായി കാട്ടാക്കടയിലെ കൊച്ചുഗായകര്‍

Date:

spot_img

കാട്ടാക്കട: കേരളത്തിന്റെ സമസ്ത സൗന്ദര്യവും സവിശേഷതകളും തുളുമ്പുന്ന വരികള്‍ പാടി കാട്ടാക്കടയിലെ ആയിരത്തൊന്ന് കുരുന്നുകള്‍ കേരളീയം മഹോത്സവത്തിന് സംഗീതസാന്ദ്രമായ അകമ്പടിയേകി. ‘കാട്ടാലാരവം’-കേരളീയത്തിനൊപ്പം കാട്ടാക്കട എന്ന പേരില്‍ ഐ.ബി.സതീഷ് എം.എല്‍.എയുടെ നേതൃത്വത്തില്‍ തൂങ്ങാംപാറ ശ്രീ കാളിദാസ കണ്‍വെന്‍ഷന്‍ സെന്ററില്‍ സംഘടിപ്പിച്ച 23 സ്‌കൂളുകളിലെ 1001 കുട്ടികളുടെ സംഘഗാനാലാപന സദസ്സാണ് വേറിട്ട അനുഭവമായത്. മലയാളത്തിന്‍ നാടാണ്, നന്മനിറഞ്ഞൊരു നാടാണ്, നാനാജാതി മാനവരെന്നും പരിലസിക്കുന്നൊരു മലനാട് എന്ന ഗാനം ഈണത്തില്‍ പാടി തുടങ്ങിയ പരിപാടിയില്‍ കേരളത്തിന്റെ തനിമയും സാംസ്‌കാരിക സവിശേഷതകളും സമ്പന്നമായ പൈതൃകവും വിളിച്ചോതുന്ന ആറ് ഗാനങ്ങളാണ് കുട്ടികള്‍ ഒരുമിച്ച് ചേര്‍ന്ന് ആലപിച്ചത്.

കേരളത്തെക്കുറിച്ച് പാടാനായി മാത്രം ഇത്രയും കുട്ടികള്‍ ഒരുമിച്ച് ചേര്‍ന്നത് ഒരു ചരിത്ര സംഭവമാണെന്ന് കുട്ടികളോട് സംവദിക്കവെ ഐ.ബി.സതീഷ് എം.എല്‍.എ പറഞ്ഞു. നമ്മളെങ്ങനെ നമ്മളായെന്ന് ഓര്‍ക്കാനുള്ള അവസരമാണ് കേരളീയം. കേരളം ഇന്ന് എന്താണ്, നാളെ എന്താകുമെന്ന് ലോകത്തോട് വിളിച്ചു പറയുകയാണ് കേരളീയത്തിലൂടെ. വിദ്യാര്‍ഥികളും യുവാക്കളും വിദേശത്തേക്ക് കുടിയേറുന്നത് മൂലം സംഭവിക്കുന്ന മസ്തിഷ്‌ക ചോര്‍ച്ചയില്‍ നിന്ന് മസ്തിഷ്‌ക നേട്ടമുള്ള നാടാക്കി കേരളത്തെ മാറ്റണം. നമ്മള്‍ ഇതുവരെ എന്ത് നേടി എന്ന് പരിശോധിക്കുന്നതിനൊപ്പം വികസിത രാജ്യങ്ങള്‍ കൈവരിച്ച നേട്ടങ്ങള്‍ ഇപ്പോഴേ കൈവരിക്കാന്‍ നാം എന്താണ് ചെയ്യേണ്ടത് എന്ന് പരിശോധിക്കാനുള്ള ശ്രമവുമാണ് കേരളീയമെന്ന് അദ്ദേഹം പറഞ്ഞു.

തിരുവനന്തപുരം ജില്ലക്കാര്‍ ഇതുവരെ കണ്ട ഓണാഘോഷങ്ങള്‍ 50 എണ്ണം ചേര്‍ത്തുവെച്ചാലുണ്ടാകുന്നത്ര വിപുലമായ ആഘോഷങ്ങളാണ് കേരളീയത്തില്‍ ഒരുക്കിയിട്ടുള്ളതെന്ന് എം എല്‍ എ പറഞ്ഞു. ആ ദിവസങ്ങളില്‍ കേരളമാകെ തിരുവനന്തപുരത്തേക്ക് ഒഴുകിയെത്തും. മുറ്റത്തെ മുല്ലക്ക് മണമില്ല എന്ന് പറയുന്നത് പോലെ നമുക്ക് കേരളത്തെ ശരിയായ വിധത്തില്‍ അറിയില്ലെന്നും കേരളത്തെ അറിയാനും പരിചയപ്പെടുത്താനുമുള്ള അവസരമായി കേരളീയത്തെ മാറ്റണമെന്നും എം എല്‍ എ കുട്ടികളോട് പറഞ്ഞു. ഇത്രയും മനോഹരമായ പരിപാടി സംഘടിപ്പിച്ച കാട്ടാക്കട മണ്ഡലത്തിലെ അധ്യാപകരെ എത്ര അഭിനന്ദിച്ചാലും മതിയാകില്ലെന്നും എം എല്‍ എ പറഞ്ഞു.

കാട്ടാക്കട മണ്ഡലത്തിലെ സ്‌കൂളുകളില്‍ മല്‍സരം നടത്തി തെരെഞ്ഞെടുത്ത 1001 കുട്ടികള്‍ക്ക് രണ്ടാഴ്ചയോളം സംഗീത അധ്യാപകര്‍ പരിശീലനം നല്‍കിയാണ് കാട്ടാലാരവത്തിനായി ഒരുക്കിയത്. മലയിന്‍കീഴ് ഗവ ഗേള്‍സ് എച്ച് എസ് എസിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി അനഘ സംഘഗാനത്തിന് നേതൃത്വം നല്‍കി. മലയാളത്തിന്‍ നാടാണ്, കേരളമെന്നുടെ ജന്മദേശം, ജയജയ കോമള കേരള ധരണി, കേരളം കേരളം കേളികൊട്ടുയരുന്ന കേരളം, കേരളം മോഹനമതിസുന്ദരം, പാരിന് പരിഭൂഷ ചാര്‍ത്തിടും എന്നീ ഗാനങ്ങളാണ് ഒന്നുമുതല്‍ പ്ലസ് ടു വരെയുള്ള ക്ലാസുകളിലെ കുട്ടികള്‍ ചേര്‍ന്ന് ആലപിച്ചത്.

സംസ്ഥാനത്തിന്റെ നേട്ടങ്ങളുടെ വിളംബരവുമായി നവംബര്‍ ഒന്നുമുതല്‍ ഏഴുവരെ തിരുവനന്തപുരത്തു നടക്കുന്ന കേരളീയത്തെ പരിചയപ്പെടുത്തുന്ന വീഡിയോ പ്രദര്‍ശനവും പരിപാടിയോടനുബന്ധിച്ച് നടന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി.സുരേഷ് കുമാര്‍, പള്ളിച്ചല്‍ ഗ്രാമപഞ്ചായത്ത് പ്രസിന്റ് മല്ലിക, മാറനല്ലൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുരേഷ് കുമാര്‍, ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍, മലയാളം മിഷന്‍ ഡയറക്ടര്‍ മുരുകന്‍ കാട്ടാക്കട, അധ്യാപകര്‍, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

സുപ്രീംകോടതിയുടെ യൂട്യൂബ് ചാനല്‍ ഹാക്ക് ചെയ്തു

ഡൽഹി: സുപ്രീം കോടതിയുടെ ഔദ്യോഗിക യൂട്യൂബ് ചാനല്‍ ഹാക്ക് ചെയ്തുവെന്ന് റിപ്പോർട്ട്....

പൾസർ സുനി പുറത്തേക്ക്; ജാമ്യം അനുവദിച്ചു

എറണാകുളം: നീണ്ട ഏഴ് വർഷത്തെ ജയിൽ വാസത്തിനു ശേഷം പൾസർ സുനി...

എം പോക്സ്: വൈറസ് വകഭേദം കണ്ടെത്താന്‍ ജീനോം സീക്വന്‍സിങ് നടത്തും; മന്ത്രി വീണാ ജോര്‍ജ്

മലപ്പുറം: മലപ്പുറം ജില്ലയില്‍ എം പോക്സ് രോഗം സ്ഥിരീകരിച്ച വ്യക്തിക്ക് പിടിപെട്ട...

ഇനി മുതൽ മാലിന്യം വലിച്ചെറിഞ്ഞാൽ വാട്സ് ആപ്പിലൂടെ അറിയിക്കാം

തിരുവനന്തപുരം: മാലിന്യം വലിച്ചെറിഞ്ഞാൽ ഇനി മുതൽ വാട്സ് ആപ്പിലൂടെ അറിയിക്കാം. തദ്ദേശ...
Telegram
WhatsApp