പോത്തൻകോട്: ശാന്തിഗിരി ആശ്രമത്തിലെ മുപ്പത്തിയൊൻപതാമത് സന്ന്യാസദീക്ഷ വാർഷികത്തോടനുബന്ധിച്ച് ഗുരുസ്ഥാനീയ ശിഷ്യപൂജിത അമൃതജ്ഞാന തപസ്വിനിയിൽ നിന്നും ഇരുപത്തിരണ്ട് ബ്രഹ്മചാരിണികൾ ദീക്ഷ സ്വീകരിച്ചു. രാവിലെ 5 മണിയുടെ ആരാധനയോടെയാണ് ചടങ്ങുകൾക്ക് തുടക്കമായത്. പ്രാർത്ഥനാമുഖരിതമായ അന്തരീക്ഷത്തിൽ സഹകരണമന്ദിരത്തിൽ രാവിലെ ഒൻപതിന് ദീക്ഷ ചടങ്ങുകൾ ആരംഭിച്ചു.
ബ്രഹ്മചാരിണിമാരിൽ ഓരോരുത്തരായി ശിഷ്യപൂജിതയ്ക്ക് മുന്നിൽ താമരപ്പൂക്കളും തെളിയിച്ച വെള്ളിവിളക്കും നവധാന്യങ്ങളുമടങ്ങിയ തട്ടം സമർപ്പിച്ച് ഗുരുപാദവന്ദനം നടത്തി. പ്രത്യേകം സജ്ജീകരിച്ച പീഠത്തിൽ ഗുരുസങ്കൽപ്പത്തോടെ ഹാരം ചാർത്തി ആരാധന നടത്തിയതിനുശേഷം ഓരോരുത്തരും ശിഷ്യപൂജിതയിൽ നിന്നും വസ്ത്രവും പുതിയനാമവും സ്വീകരിച്ചു. ശുഭ്രവസ്ത്രധാരികളായ ബ്രഹ്മചാരിണിമാർ ദീക്ഷ സ്വീകരിച്ച ശേഷം പീതവസ്ത്രധാരികളായി മാറി. ഗുരുകല്പനപ്രകാരം പുതിയ അംഗങ്ങളുടെ ദീക്ഷാനാമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി വിളംബരം ചെയ്തു.
കർണ്ണാടക എസ്.ഡി.എം കോളേജിൽ പഞ്ചകർമ്മ വിഭാഗത്തിൽ പി.എച്ച്.ഡി ഗവേഷകയായ ഡോ. റോസി നന്ദി- ജനനി ഗുരുപ്രീതി , ഡൽഹിയിലെ ജെ.എൻ.യു വിൽ സെക്ഷൻ ഓഫീസറായ ശാലിനി പ്രുതി- ജനനി ശാലിനി, ചാർട്ടേർഡ് അക്കൌണ്ടന്റും അക്സ എക്സ് എൽ ഇന്ത്യ കമ്പനിയുടെ മുൻ മാനേജറും നിലവിൽ ആശ്രമത്തിന്റെ ഫിനാൻസ് കൺട്രോളറുമായ ഗുരുചന്ദ്രിക.വി- ജനനി ഗുരുചന്ദ്രിക, അമേരിക്കൻ ഹോസ്പിറ്റൽ ആൻഡ് ഹെൽത്ത് കെയർ സോഫ്റ്റ്-വെയർ കമ്പനിയിൽ ഡയറക്ടറായ വന്ദിത സിദ്ധാർത്ഥൻ- ജനനി ശ്രീവന്ദിത, ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദാനന്തര ബിരുദം നേടിയ ബി.എഡ് വിദ്യാർത്ഥിനി വന്ദിത ബാബു- ജനനി വന്ദിത, സിദ്ധ മെഡിക്കൽ ഓഫീസർ ഡോ.നീതു.പി.സി- ജനനി ഊർമ്മിള, 25 വർഷത്തെ ബ്രഹ്മചര്യം പൂർത്തിയാക്കിയ വത്സല.കെ.വി- ജനനി ധർമ്മവല്ലി, മൈക്രോബയോളജിസ്റ്റ് ജയപ്രിയ.പി.വി- ജനനി ജയപ്രിയ, ബികോം ബിരുദദാരിയും ആശ്രമം ഫിനാൻസ് ഡിപ്പാർട്ട്മെന്റ് ജീവനക്കാരിയുമായ ലിംഷ.കെ- ജനനി ഗുരുസ്തുതി, കേരള യൂണിവേഴ്സിറ്റി കാര്യവട്ടം ക്യാമ്പസ്സിൽ എംകോം ഗ്ലോബൽ ബിസിനസ്സ് ഓപ്പറേഷൻസിൽ ബിരുദാനന്തര ബിരുദപഠനം നടത്തുന്ന സുകൃത.എ- ജനനി സുകൃത, ശാന്തിഗിരി മുദ്രണാലയത്തിൽ സേവനം ചെയ്യുന്ന പ്രസന്ന. വി-ജനനി സ്നേഹജ, ബോട്ടണിയിൽ ബിരുദാനന്തര ബിരുദം നേടിയ കൃഷ്ണപ്രിയ.എ.എസ്- ജനനി ഗൗതമി, ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദാനന്തരബിരുദം നേടിയ ബി.എഡ് വിദ്യാർത്ഥിനി കരുണ.എസ്.എസ്- ജനനി കരുണശ്രീ, ഖാദിബോർഡിലെ ജോലി ഉപേക്ഷിച്ച് ആശ്രമം അന്തേവാസിയായ ആനന്ദവല്ലി.ബി.എം- ജനനി ആനന്ദവല്ലി, ഇടുക്കി സ്വദേശിനി സ്വയം പ്രഭ. ബി.എസ്- ജനനി സ്വയംപ്രഭ, സിദ്ധ മെഡിസിൻ രണ്ടാം വർഷ വിദ്യാർത്ഥിനി കരുണ.പി.കെ- ജനനി കരുണദീപ്തി, വയനാട് സ്വദേശിനി മംഗളവല്ലി.സി.ബി-ജനനി മംഗളവല്ലി, ഇടുക്കി വെളളത്തൂവല്‍ സ്വദേശിനി പ്രിയംവദ. ആർ.എസ്- ജനനി പ്രിയംവദ, ആലപ്പുഴ സ്വദേശിനി ഷൈബി.എ.എൻ- ജനനി അംബുജ, എറണാകുളം സ്വദേശിനി സജിത.പി.എസ്- ജനനി പുഷ്പിത, വർക്കല സ്വദേശിനി അനിത.എസ്- ജനനി അനിത, ചേർത്തല സ്വദേശിനി രജനി. ആർ.എസ് – ജനനി ആത്മജ എന്നീ പേരുകളിലാകും ഇനി അറിയപ്പെടുക. പേരിനോടൊപ്പം ‘ജ്ഞാന തപസ്വിനി’ എന്നും ചേർക്കപ്പെടും. ദീക്ഷ സ്വീകരിച്ചവരിൽ നാലു പേർ കേരളത്തിന് പുറത്തുനിന്നുള്ളവരാണ്.
പുതുതായി 22 പേർ കൂടി ചേർന്നതോടേ 104 പേരടങ്ങുന്ന ആശ്രമത്തിന്റെ സന്ന്യാസസംഘം 126 അംഗങ്ങളായി. ഉച്ചയ്ക്ക് 12 മണിയുടെ ആരാധനയ്ക്ക് ശേഷം താമരപ്പർണ്ണശാലയിൽ സന്ന്യാസസംഘത്തിന്റെയും രക്ഷകർത്തൃസമിതിയുടേയും വിവിധ സമർപ്പണങ്ങൾ നടന്നു. ഉച്ചയ്ക്ക് 1 മണിക്ക് നടന്ന അനുമോദനസമ്മേളനത്തിൽ ആശ്രമത്തിൻ്റെ ആദ്യകാല വനിതപ്രവർത്തകരെ ആദരിച്ചു. ലോകത്തിന്റെ വിവിധഭാഗങ്ങളിൽ നിന്നായി ആയിരകണക്കിന് ഗുരുഭക്തരും ആത്മീയ സാമൂഹിക രാഷ്ട്രീയ സാംസ്കാരിക മേഖലകളിലെ പ്രമുഖരും ചടങ്ങുകളിൽ സംബന്ധിച്ചു. വൈകുന്നേരം 6 ന് ആരാധനയ്ക്ക് ശേഷം പുഷ്പസമർപ്പണവും തുടർന്ന് ദീപപ്രദക്ഷിണവും നടന്നു. ഇതോടെ കഴിഞ്ഞ പത്തുദിവസമായി നടന്നുവന്ന പ്രത്യേക പ്രാത്ഥനാചടങ്ങുകൾക്ക് സമാപനമായി