ഡൽഹി: ഡൽഹിയിൽ കൃത്രിമ മഴ പെയ്യിക്കാനൊരുങ്ങി സർക്കാർ. വായുമലിനീകരണം അതിരൂക്ഷമായി തുടരുന്ന സാഹചര്യത്തിലാണ് തീരുമാനം. ഡൽഹിയിൽ കൃത്രിമ മഴ പെയ്യിക്കാനുള്ള പദ്ധതികൾ ധ്രുതഗതിയിൽ നടന്നു വരികയാണെന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തു വരുന്നത്. ഇതുവഴി ഒരാഴ്ചയായി തുടരുന്ന വായു മലിനീകരണം കുറയ്ക്കാനാവുമെന്നാണ് പ്രതീക്ഷ.
കൃത്രിമ മഴ പെയ്യിക്കുന്നതുമായി ബന്ധപ്പെട്ട് ഡൽഹി പരിസ്ഥിതി മന്ത്രി ഗോപാൽ റായ് യോഗം വിളിച്ചു ചേർത്തു. നവംബർ 20–21 തീയതികളിൽ കൃത്രിമ മഴ പെയ്യിക്കുന്ന കാര്യമാണ് പരിഗണിക്കുന്നത്. ഡൽഹിയിൽ ആദ്യമായാണ് കൃത്രിമ മഴ പെയ്യിക്കാനൊരുങ്ങുന്നത്.
കാന്ഡപുർ ഐഐടിയുടെ സഹകരണത്തോടെ ഇതിനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്. കുറഞ്ഞത് 40 ശതമാനമെങ്കിലും മേഘാവൃതമായ സാഹചര്യമുണ്ടെങ്കിലേ കൃത്രിമ മഴ പെയ്യിക്കാനാകൂ എന്നാണ് കാൻപുർ ഐഐടി സംഘം അറിയിച്ചത്. നവംബർ 20-21 തീയതികളിൽ ആകാശത്ത് മേഘങ്ങളുണ്ടാകുമെന്നാണ് പ്രതീക്ഷയെന്ന് മന്ത്രി പറഞ്ഞു. കൂടാതെ സുപ്രീംകോടതി അനുമതി ലഭിച്ചാൽ കൃത്രിമ മഴ പെയ്യിക്കാനാണ് സർക്കാരിന്‍റെ തീരുമാനം.