തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിൽ നവകേരള സദസ്സിന് മുന്നോടിയായി വീട്ടുമുറ്റ യോഗങ്ങളിൽ പ്രസംഗിക്കുന്നവർക്ക് പരിശീലനം നൽകി. തൈക്കാട് പൊതുമരാമത്ത് റസ്റ്റ് ഹൗസിൽ നടന്ന പരിശീലന പരിപാടി, ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി. ആർ അനിൽ ഉദ്ഘാടനം ചെയ്തു.
പൊതുജനങ്ങളുടെ പ്രശ്‌നങ്ങൾ വീട്ടുമുറ്റയോഗങ്ങളിലൂടെ കണ്ടെത്തി സാധ്യമായവയ്ക്ക് പരിഹാരം കാണുമെന്ന് മന്ത്രി പറഞ്ഞു. സർക്കാരിന്റെ വിവിധ വികസന പദ്ധതികളും നവകേരള സൃഷ്ടിയുമായി ബന്ധപ്പെട്ട ഭാവി പദ്ധതികളും ജനങ്ങളിലേക്ക് എത്തിക്കുകയാണ് നവകേരള സദസ്സിന്റെ ലക്ഷ്യം. പ്രാദേശിക തലത്തിലെ വികസന, ക്ഷേമ പ്രവർത്തനങ്ങൾ വീട്ടുമുറ്റ സദസ്സുകളിലൂടെ സർക്കാരിന്റെ ശ്രദ്ധയിൽ കൊണ്ടുവരാൻ കഴിയണമെന്നും മന്ത്രി വ്യക്തമാക്കി. പൊതുഗതാഗതവകുപ്പ് മന്ത്രി ആന്റണി രാജു സന്നിഹിതനായിരുന്നു.
നവകേരള കർമ്മ പദ്ധതി കോ-ഓർഡിനേറ്റർ ടി.എൻ സീമയുടെ നേതൃത്വത്തിലാണ് പരിശീലനം നൽകുന്നത്. ഒരു മണ്ഡലത്തിൽ നിന്നും പത്ത് പേരടങ്ങുന്ന സംഘമാണ് വീട്ടുമുറ്റ യോഗങ്ങളിൽ സംസാരിക്കുന്നത്. ഓരോ മണ്ഡലത്തിലേയും രാഷ്ട്രീയ,സാംസ്‌കാരിക രംഗത്തെ പ്രമുഖർ, സർക്കാർ ഉദ്യോഗസ്ഥർ എന്നിവരാണ് പ്രസംഗിക്കുന്ന വരുടെ സംഘത്തിലുള്ളത്.
ജില്ലാ കളക്ടർ ജെറോമിക് ജോർജ്, അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് അനിൽ ജോസ്.ജെ എന്നിവരും പങ്കെടുത്തു. ഡിസംബർ 20 മുതൽ 23 വരെയാണ് ജില്ലയിൽ നവകേരള സദസ്സ് നടക്കുന്നത്.