തിരുവനന്തപുരം: കേരള – കര്‍ണാടക തീരങ്ങളില്‍ മത്സ്യബന്ധനത്തിന് തടസ്സമില്ലെന്നും ലക്ഷദ്വീപ് പ്രദേശത്ത് മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ലെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്ന് (ഡിസംബര്‍ എട്ട് ) മുതല്‍ ഡിസംബര്‍ 10 വരെ ലക്ഷദ്വീപ് പ്രദേശത്ത് മണിക്കൂറില്‍ 40 മുതല്‍ 45 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ 55 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.
പ്രത്യേക ജാഗ്രതാ നിര്‍ദേശം
ഇന്ന് മുതല്‍ ഡിസംബര്‍ 10 വരെ തെക്ക് കിഴക്കന്‍ അറബിക്കടലില്‍ മണിക്കൂറില്‍ 40 മുതല്‍ 45 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ 55 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത. മേല്‍ പറഞ്ഞ തീയതികളിലും പ്രദേശങ്ങളിലും മത്സ്യബന്ധനത്തിന് പോകാന്‍ പാടുള്ളതല്ലെന്നും അറിയിപ്പില്‍ പറയുന്നു.
*ഉയര്‍ന്ന തിരമാല ജാഗ്രത നിര്‍ദേശം*
ഇന്ന് (ഡിസംബര്‍ എട്ട് ) രാത്രി 11.30 വരെ കേരള തീരത്ത് 0.6 മുതല്‍ 1.5 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും തെക്കന്‍ തമിഴ്നാട് തീരത്ത് 0.3 മുതല്‍ 1.2 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നും ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. ഈ സാഹചര്യത്തില്‍ മത്സ്യത്തൊഴിലാളികള്‍ക്കും തീരദേശവാസികള്‍ക്കും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി ജാഗ്രതാ നിര്‍ദേശം നല്‍കി. മത്സ്യബന്ധന യാനങ്ങളുടെയും ഉപകരണങ്ങളുടെയും സുരക്ഷ ഉറപ്പാക്കണമെന്നും ബീച്ചിലേക്കുള്ള യാത്രകളും കടലില്‍ ഇറങ്ങിയുള്ള വിനോദങ്ങളും പൂര്‍ണമായും ഒഴിവാക്കണമെന്നും മുന്നറിയിപ്പുണ്ട്.