തിരുവനന്തപുരം: കേരള ഫെമിനിസ്റ്റ് ഫോറത്തിന്റെ ‘പെൺപോരിമ – ഫെമിനിസ്റ്റ് ജീവിതാഘോഷങ്ങൾ’ എന്ന ഏകദിന കൂടിച്ചേരൽ ഇന്ന്. തിരുവനന്തപുരത്തെ YWCA ഹാളിൽ വെച്ച് രാവിലെ 10 മുതൽ വൈകിട്ട് 5 മണി വരെ കൂടിച്ചേരൽ നടക്കുക. പ്രൊ. ഉമാ ചക്രവർത്തിയും കൽക്കി സുബ്രഹ്മണ്യവും ചേർന്ന് ഉദ്ഘാടനം ചെയ്യുന്ന ഈ പരിപാടിയിൽ ഫെമിനിസ്റ്റ് പ്രസ്ഥാനത്തിൽ സജീവമായി ഇടപെടുന്ന നിരവധി വ്യക്തിത്വങ്ങൾ സംസാരിക്കുന്നു.
വ്യത്യസ്‌ത തലങ്ങളിൽ കേരളത്തിലെ സ്‌ത്രീകളുടെ ജീവിതങ്ങളെയും അവകാശങ്ങളെയും അഭിസംബോധന ചെയ്‌ത, സംഘടനാ രംഗത്തും സര്‍ഗ്ഗാത്മക – ബൗദ്ധിക മേഖലകളിലും തനതായ സംഭാവനകൾ നൽകിയ, എഴുപതു വയസ്സ് പിന്നിട്ട, ആറു വ്യക്തിത്വങ്ങളെ പരിപാടിയിൽ ആദരിക്കുന്നു. സാറാ ജോസഫ്, കെ. അജിത, ഏലിയാമ്മ വിജയന്‍, വി.പി. സുഹറ, നളിനി ജമീല, നളിനി നായക് എന്നിവരെയാണ് ആദരിക്കുന്നത്.
മുൻകാല ഫെമിനിസ്റ്റ് പോരാട്ടങ്ങളുടെ അനുഭവ ജ്ഞാനങ്ങളോടും അതിജീവന സമരങ്ങളോടും പുതിയകാലത്തെ ഫെമിനിസ്റ്റ് ആക്‌ടിവിസ്റ്റുകള്‍ക്കും അക്കാദമിക – സാംസ്‌ക്കാരിക പ്രവര്‍ത്തകര്‍ക്കും സംവദിക്കാനുള്ള അവസരം കൂടിയാണ് ഈ കൂടിചേരൽ. കേരളത്തിന്റെ സമകാലിക മുഖ്യധാരാ ഫെമിനിസ്റ്റ് രാഷ്‌ട്രീയ വ്യവഹാരങ്ങളില്‍ ബോധപൂര്‍വ്വം രൂപപ്പെടുത്തേണ്ട ഫെമിനിസ്റ്റ് ഐക്യപ്പെടലിനും മൈത്രിക്കും തുടക്കം കുറിക്കുക എന്നതുകൂടിയാണ് ഈ പരിപാടിയുടെ ലക്ഷ്യം.