തിരുവനന്തപുരം: വര്‍ക്കല മിനി സിവില്‍ സ്റ്റേഷനില്‍ നിര്‍മാണം പൂര്‍ത്തിയായ ബഹുനില മന്ദിരത്തിന്റെ ഉദ്ഘാടനം നാളെ ( ജനുവരി 11) വൈകുന്നേരം 04.30 ന് റവന്യൂ വകുപ്പ് മന്ത്രി കെ.രാജന്‍ നിര്‍വഹിക്കും. രണ്ടാം ഘട്ടമായി നിര്‍മിച്ച രണ്ടും മൂന്നും നിലകളാണ് ഇതോടെ പ്രവർത്തനക്ഷമമാകുന്നത്. സബ് ആര്‍.ടി.ഒ, അസിസ്റ്റന്റ് രജിസ്ട്രാര്‍ ഓഫ് കോ- ഓപ്പറേറ്റീവ് സൊസൈറ്റീസ്, ചൈല്‍ഡ് ഡെവലപ്‌മെന്റ് പ്രൊജക്ട് ഓഫീസ്, ജി.എസ്.ടി ഓഡിറ്റിംഗ്, കയര്‍ ഇന്‍സ്‌പെക്ഷന്‍, ഫുഡ് ആന്‍ഡ് സേഫ്റ്റി, അസിസ്റ്റന്റ് ലേബര്‍ ഓഫീസ് തുടങ്ങി ഏഴ് സര്‍ക്കാര്‍ ഓഫീസുകളാണ് ഇവിടെ പ്രവര്‍ത്തനം തുടങ്ങുക . താഴത്തെ നിലയില്‍ വര്‍ക്കല താലൂക്ക് ഓഫീസും തെരഞ്ഞെടുപ്പ് വിഭാഗവുമാണ് പ്രവര്‍ത്തിക്കുക.
വര്‍ക്കല താലൂക്കിലെ അയിരൂര്‍, ചെമ്മരുതി, വര്‍ക്കല, വെട്ടൂര്‍ വില്ലേജ് ഓഫീസുകള്‍ സ്മാര്‍ട്ട് വില്ലേജ് ഓഫീസുകളായി ഉയര്‍ത്തിയതിന്റെ ഉദ്ഘാടനവും മന്ത്രി ഇതിനോടൊപ്പം നിര്‍വഹിക്കും. വി.ജോയ് എം.എല്‍.എയുടെ അധ്യക്ഷതയില്‍ ചേരുന്ന ഉദ്ഘാടന സമ്മേളനത്തില്‍ ഒ.എസ് അംബിക എം.എല്‍.എ, അടൂര്‍ പ്രകാശ് എം.പി, വര്‍ക്കല നഗരസഭ ചെയര്‍മാന്‍ കെ.എം ലാജി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ സ്മിത സുന്ദരേശന്‍, ബി.പി മുരളി, ത്രിതല പഞ്ചായത്തംഗങ്ങള്‍, ജില്ലാ കളക്ടര്‍ ജെറോമിക് ജോര്‍ജ് , രാഷ്ട്രീയ സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ എന്നിവരും പങ്കെടുക്കും. 44 ലക്ഷം രൂപ വീതം മുടക്കിയാണ് അയിരൂര്‍, വെട്ടൂര്‍ വില്ലേജുകളില്‍ സ്മാര്‍ട്ട് വില്ലേജ് ഓഫീസുകള്‍ നിര്‍മിച്ചത്. 42,25,000 രൂപ വീതം ചെമ്മരുതി, വര്‍ക്കല വില്ലേജുകളിലും ചെലവഴിച്ചു. വിവിധ ആവശ്യങ്ങള്‍ക്കായി എത്തുന്നവര്‍ക്ക് മികച്ച സേവനം ലഭ്യമാക്കാനായി ഫ്രണ്ട് ഓഫീസ്, കാത്തിരിപ്പു കേന്ദ്രം, ഇരിപ്പിട-കുടിവെള്ള സൗകര്യം, ഭിന്നശേഷി സൗഹൃദ ടോയ്ലറ്റ് തുടങ്ങിയ സൗകര്യങ്ങളും സ്മാര്‍ട്ട് വില്ലേജ് ഓഫീസുകളില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.