തിരുവനന്തപുരം: സംസ്ഥാനത്തെ റേഷൻ വിതരണം സ്തംഭനാവസ്ഥയിലേക്കെന്ന് സൂചന. റേഷന്‍ വിതരണം ഇന്ന് മുതല്‍ തടസപെടുമെന്നാണ് റിപ്പോർട്ട്. റേഷൻ ട്രാൻസ്പോർട്ടേഷൻ കരാറുകാർ അനിശ്ചിതകാല പണിമുടക്ക് പ്രഖ്യാപിച്ചതാണ് ഇതിനു കാരണം. നൂറുകോടി രൂപ കുടിശികയായതോടെയാണ് റേഷന്‍ കടകളില്‍ സാധനങ്ങളെത്തിക്കുന്ന കരാറുകാര്‍ പണിമുടക്ക് പ്രഖ്യാപിച്ചത്.
ഇന്ന് മുതൽ പണിമുടക്കുമെന്നാണ് റേഷൻ ട്രാൻസ്പോർട്ടേഷൻ കരാറുകാരുടെ സംഘടന അറിയിച്ചിരിക്കുന്നത്. ഇന്നലെ കൊച്ചിയില്‍ ചേര്‍ന്ന ട്രാൻസ്പോർട്ടിംഗ് കോണ്‍ട്രാക്ടേഴ്സ് അസോസിയേഷൻ യോഗമാണ് തീരുമാനം അറിയിച്ചത്. കുടിശ്ശിക തീർക്കുന്നതിൽ സപ്ലൈകോ വീഴ്ച വരുത്തിയതിനെ തുടർന്നാണ് തീരുമാനം. കുടിശിക തീര്‍ത്ത് പണം കിട്ടിയിട്ട് മാത്രമേ ഇനി റേഷൻ വിതരണത്തിനുള്ളൂ എന്നാണ് കരാറുകാരുടെ നിലപാട്.