തിരുവനന്തപുരം: സംസ്ഥാന വ്യാപകമായി മനുഷ്യച്ചങ്ങല തീർത്ത് ഡിവൈഎഫ്ഐ. കേന്ദ്ര സർക്കാരിന്‍റെ നയങ്ങൾക്കെതിരേയാണ് സംസ്ഥാനത്ത് മനുഷ്യച്ചങ്ങല തീർത്തത്. കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ ലക്ഷങ്ങൾ മനുഷ്യച്ചങ്ങലയിൽ അണിചേർന്നു.
കാസർഗോഡ് റെയിൽവേ സ്റ്റേഷനിൽ നിന്നും ആരംഭിച്ച മനുഷ്യ ചങ്ങല തിരുവനന്തപുരം രാജ്ഭവന് മുന്നിൽവരെയാണ് നീണ്ടത്. റെയിൽവേ യാത്രാദുരിതത്തിനും കേന്ദ്ര നിയമന നിരോധനത്തിനും കേരളത്തോടുള്ള സാമ്പത്തിക ഉപരോധത്തിനും എതിരായാണ് ഈ പ്രതിഷേധം സംഘടിപ്പിച്ചത്. കേന്ദ്രത്തിൻ്റെ ജനദ്രോഹനയങ്ങൾക്കെതിരെ ശക്തമായ പ്രതിരോധമുയർത്തി സാധാരണ ജനവിഭാഗങ്ങളുടെ ക്ഷേമമുയർത്തിപ്പിടിക്കാൻ ശ്രമിക്കുന്ന കേരളത്തെ ഫെഡറൽ തത്വങ്ങളെയാകെ കാറ്റിൽപ്പറത്തി ശ്വാസം മുട്ടിക്കുന്ന നിലപാടാണ് കേന്ദ്ര സർക്കാർ സ്വീകരിച്ചിരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. അതിശക്തമായ പ്രതിഷേധം ഈ നയങ്ങൾക്കെതിരെ ഉയരേണ്ടത് അനിവാര്യമായിരിക്കുന്ന ഘട്ടമാണിത്. ഈ മനുഷ്യച്ചങ്ങലയിലൂടെ പ്രതിഷേധത്തിൻ്റേയും പ്രതിരോധത്തിൻ്റേയും ആവേശജനകമായ മാതൃകയാണ് ഡി വൈ എഫ് ഐ ഉയർത്തിയിരിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
കാസർകോട് റെയിൽവേ സ്റ്റേഷനു മുന്നിൽ ജനാധിപത്യ മഹിളാ അസോസിയേഷൻ ദേശീയ പ്രസിഡന്‍റ് പി.കെ.ശ്രീമതി മനുഷ്യച്ചങ്ങല ഉദ്ഘാടനം ചെയ്തു. കാസർകോട്ട് എഎ റഹീം എംപി ആദ്യകണ്ണിയായി മുനുഷ്യച്ചങ്ങലയുടെ ഭാഗമായി. തിരുവനന്തപുരത്ത് ഡിവൈഎഫ്‌ഐയുടെ ആദ്യ പ്രസിഡന്റ് ഇ പി ജയരാജൻ അവസാന കണ്ണിയായി.
വൈകിട്ട് നാലരയ്‌ക്ക് ട്രയൽച്ചങ്ങല തീർത്തശേഷം അഞ്ചിന് മനുഷ്യച്ചങ്ങല തീർത്ത് പ്രതിജ്ഞ എടുത്തു. മുഖ്യമന്ത്രിയുടെ ഭാര്യ കമലയും മകൾ വീണയും തലസ്ഥാനത്ത് മനുഷ്യചങ്ങലയിൽ കണ്ണിയായി.