ഡൽഹി:: ദേശീയപാത 66ന്റെ വികസനത്തിന്റെ ഭാഗമായി വെട്ടുറോഡ് മുതൽ പള്ളിപ്പുറം വരെ പില്ലറുകളുടെ സഹായത്തോടെ എലിവേറ്റഡ് കോറിഡോർ നിർമ്മിക്കണ ആവശ്യപ്പെട്ട് മന്ത്രി ജി.ആർ അനിലിന്റെ നേതൃത്വത്തിൽ ഇന്ന് കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരിക്ക് നിവേദനം നൽകി.
റോഡിന് ഇരുവശവും കെട്ടിയടച്ച് എട്ടുമീറ്റർ ഉയരത്തിൽ മണ്ണിട്ട് പൊക്കിയാണ് നിലവിൽ പാതയുടെ നിർമ്മാണം ആരംഭിച്ചത്. ഇതു കണിയാപുരം പള്ളിപ്പുറം പ്രദേശത്തെ രണ്ടായി വിഭജിക്കുമെന്നും യാത്രക്കാർക്കും കച്ചവടക്കാർക്കും ഒരുപോലെ ദുരിതമായി മാറുമെന്ന് കാട്ടി കണിയാപുരം ഡെവലപ്പുമെന്റ് ഓർഗ്നൈസേഷനടക്കമുള്ളവർ ആഴ്ചകളായി സമരത്തിലാണ്. കണിയാപുരുത്തുകാരുടെ ആശങ്ക അകറ്റി എലിവേറ്റഡ് ഹൈവേ നിർമ്മിക്കണമെന്ന് അടൂർ പ്രകാശ് എം.പിയും നേരത്തെ നിവേദനം നൽകിയിരുന്നു.
അതിനിടെ കെ.ഡി.ഒ ഭാരവാഹികൾ സി.പി.എം നേതാക്കളുടെ നേതൃത്വത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും നിവേദനം നൽകിയിരുന്നു മുഖ്യമന്ത്രിയുടെ നിർദ്ദേശാനുസരണമാണ് മന്ത്രി ജി.ആർ അനിൽ ഡെൽഹിയിൽ എത്തി നിതിൻ ഗഡ്കരിയെ കണ്ടു നിവേദനം നൽകുകയായിരുന്നു. കൂടാതെ കെ.ഡി.ഒ ഭാരവാഹികളും കേന്ദ്രമന്ത്രിയെ കാണാൻ ഡെൽഹിയിൽ പോയിട്ടുണ്ട്.
നിലവിലുള്ള അടിപ്പാതയുടെ പ്രൊപ്പോസൽ ആറുവരി പാതയുടെ വീതിയിൽ വിസ്തൃതമാക്കുന്ന കാര്യം പരിഗണിക്കാമെന്നും, ജംഗഷ്‌നിൽ ട്രാഫിക് തടസം വരാത്ത രീതിയിൽ വികസനം സാധ്യമാക്കാമെന്നും കേന്ദ്രമന്ത്രി ഉറപ്പ് നൽകി. എലിവേറ്റഡ് ഹൈവേ സാധ്യമാണോ എന്ന കാര്യം പരിശോധിക്കാൻ എൻ. എച്ച.എ.ഐ മെമ്പർ വെങ്കിട്ടരമണനടക്കമുള്ള ഉന്നത ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകാമെന്നും കേന്ദ്രമന്ത്രി പറഞ്ഞു. മന്ത്രി ജി.അനിലിന് പുറമെ എം.പിമാരായ ജോൺ ബ്രിട്ടാസും എ.എ റഹീമും കൂടിക്കാഴ്ചയിൽ പങ്കെടുത്തു.