എറണാകുളം: തൃപ്പൂണിത്തുറയിൽ സ്ഫോടനം നടന്ന സംഭരണശാലയിൽ പടക്കം സംഭരിക്കാൻ അനുമതിയില്ലായിരുന്നു എന്ന് എറണാകുളം ജില്ലാ കളക്ടർ. പൊലീസ് അനുമതി നല്‍കിയിരുന്നില്ലെന്നും സംഭവത്തില്‍ അന്വേഷണം നടത്തുമെന്നും കളക്ടർ വ്യക്തമാക്കി.
അതെ സമയം തൃപ്പൂണ്ണിത്തുറയിലെ പൊട്ടിത്തെറിയിൽ വാഹനത്തിലെ ഷോർട് സർക്യൂട് ആവാം അപകട കാരണമെന്ന് പ്രാഥമിക നിഗമനം. ഫയർ ഫോഴ്സ് അധികൃതരാണ് ഇക്കാര്യം അറിയിച്ചത്. മാത്രമല്ല ഫോറൻസിക് വിദഗ്ധരുടെ പരിശോധനയിൽ കൂടുതൽ കാര്യങ്ങൾ വ്യക്തമാകുമെന്നും ഇവർ അറിയിച്ചു.
സംഭവത്തിൽ എക്സ്പ്ലോസിവ് ആക്ട് പ്രകാരം പൊലീസ് കേസെടുത്തു. ഹിൽപാലസ് പൊലീസ് ആണ് കേസെടുത്തത്. പുതിയകാവ് ക്ഷേത്രത്തിലെ ഉത്സവ കമ്മിറ്റിയിലെ രണ്ടു ഭാരവാഹികളെയും പടക്ക നിർമ്മാണശാലയിലെ രണ്ടു ജീവനക്കാരെയും കസ്റ്റഡിയിലെടുത്തു. കൂടാതെ ബലക്ഷയം പറ്റിയ കെട്ടിടങ്ങളില്‍ ആളുകള്‍ പ്രവേശിക്കരുത് എന്ന് പൊലീസ് മുന്നറിയിപ്പ് നല്‍കി.
ഇതോടൊപ്പം വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചവർക്ക് നഷ്ട പരിഹാരം നൽകാനുള്ള പ്രാരംഭ നടപടികൾ ആരംഭിച്ചു. ആദ്യ ഘട്ടത്തിൽ എഞ്ചിനീയറിംഗ് വിഭാഗം വീടുകളിലെത്തി നഷ്ടം പരിശോധിക്കും. അതിന് ശേഷമാകും തുക അനുവദിക്കുന്ന നടപടികളിലേക്ക് കടക്കുക. ഇതിനായി മുനിസിപ്പാലിറ്റി തുടങ്ങിയ ദുരിതാശ്വാസ ക്യാമ്പിൽ വിവരങ്ങൾ രജിസ്റ്റർ ചെയ്യണം.