തിരുവനന്തപുരം: തിരുവനന്തപുരത്ത് വൻ കഞ്ചാവ് വേട്ട. സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെന്റ് സ്‌ക്വാഡ് തലവനായ അസിസ്റ്റന്റ് എക്സൈസ് കമ്മീഷണർ റ്റി.അനികുമാർ ശേഖരിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് കഞ്ചാവ് വേട്ട. തിരുവനന്തപുരം കല്ലിയൂർ സ്വദേശിയായ റെജി ജോർജിന് കൈമാറുന്നതിന് ഒഡീഷയിൽ നിന്നും രണ്ടുപേർ കഞ്ചാവുമായി ട്രെയിൻ മാർഗ്ഗം വരുന്നുവെന്നാണ് എക്സൈസിനു വിവരം ലഭിച്ചത്. ഇതിന്റെ അടിസ്ഥാനത്തിൽ സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെന്റ് സ്‌ക്വാഡിലെ ഉദ്യോഗസ്ഥരും,തിരുവനന്തപുരം റെയിഞ്ച് പാർട്ടിയും ചേർന്നാണ് പ്രതികളെ പിടികൂടിയത്.
ഒഡിഷയിൽ നിന്നും കന്യാകുമാരി സ്പെഷ്യൽ ഫെയർ സൂപ്പർ ഫാസ്റ്റ് എക്സ്പ്രസ്സ് ട്രെയിനിൽ കടത്തിക്കൊണ്ടുവന്ന 30 കിലോഗ്രാം കഞ്ചാവുമായി ഒഡീഷ സ്വദേശികളായ പത്മചരൺ ഡിഗാൽ,ഡിബാഷ് കുമാർ കൺഹാർ എന്നിവരെയും, ഇവരിൽ നിന്നും കഞ്ചാവ് ഏറ്റുവാങ്ങുന്നതിനായി KL.01.AD.2602 എന്ന നമ്പറുള്ള ഓട്ടോയിൽ എത്തിച്ചേർന്ന മുൻ മയക്കുമരുന്ന്,കൊലപാതക കേസുകളിൽ പ്രതിയായ കല്ലിയൂർ സ്വദേശി റെജി ജോർജ്, പൂവച്ചൽ സ്വദേശി ആദിത്യൻ എന്നിവരെ തമ്പാനൂർ റെയിൽവേ സ്റ്റേഷന് സമീപത്തു നിന്നും പിടികൂടി.
ഇവരെ മേൽ നടപടികൾക്കായി തിരുവനന്തപുരം എക്സൈസ് റെയിഞ്ച് പാർട്ടിക്ക് കൈമാറി.കേസ് കണ്ടെടുത്ത പാർട്ടിയിൽ സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെന്റ് സ്‌ക്വാഡ് തലവനായ അസിസ്റ്റന്റ് എക്സൈസ് കമ്മീഷണർ റ്റി.അനികുമാറിനോടൊപ്പം സ്‌ക്വാഡ് അംഗങ്ങളായ സർക്കിൾ ഇൻസ്‌പെക്ടർ ജി.കൃഷ്ണകുമാർ, എക്സൈസ് ഇൻസ്പെക്ടർമാരായ റ്റി.ആർ.മുകേഷ് കുമാർ, എസ്.മധുസൂദനൻ നായർ,കെ.വി. വിനോദ്,ആർ.ജി.രാജേഷ് അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് സുനിൽ,പ്രിവന്റീവ് ഓഫീസർ പ്രകാശ് ,സിവിൽ എക്സൈസ് ഓഫീസർമാരായ എം.എം.അരുൺകുമാർ , മുഹമ്മദലി, ബസന്ത്കുമാർ, രജിത്ത്. ആർ.നായർ, സുബിൻ, വിശാഖ്, എക്സൈസ് ഡ്രൈവർമാരായ രാജീവ്, വിനോദ് ഖാൻ സേട്ട് എന്നിവരും പങ്കെടുത്തു.