ബംഗളുരു: ബംഗളൂരു ചിക്കനായകനഹള്ളിയിൽ നിന്ന് സ്ഫോടക വസ്തുക്കൾ പിടികൂടി. ട്രാക്ടറിൽ നിന്നാണ് സ്ഫോടക വസ്തുക്കൾ പിടികൂടിയത്. ബംഗളൂരു നഗരത്തിലെ ഒരു സ്കൂളിന് സമീപത്തായി പാർക്ക് ചെയ്തിരുന്ന ട്രാക്ടറിൽ നിന്നാണ് ഇവ കണ്ടെത്തിയത്.
ജലാറ്റിൻ സ്റ്റിക്കുകൾ ഉൾപ്പെടെയുള്ള സ്ഫോടക വസ്തുക്കൾ ട്രാക്ടറിനുള്ളിൽ ഉണ്ടായിരുന്നു എന്ന് ബംഗളൂരു പോലീസ്. എന്നാൽ ഇവ പാറ പൊട്ടിക്കുന്നതിനായി ഉപയോഗിക്കുന്നതിന് വേണ്ടിയാണ് കൊണ്ടുപോയതെന്നാണ് റിപ്പോർട്ടുകൾ.
ഞായറാഴ്ച രാത്രി പതിവ് പെട്രോളിങ്ങിന് ഇടയിലാണ് ട്രാക്ടർ കണ്ടെത്തിയത്. ട്രാക്ടറിൽ നിന്ന് ജലാറ്റിൻ സ്റ്റിക്കുകൾ, ഇലക്ട്രിക്കൽ ഡിറ്റണേറ്ററുകൾ, മറ്റ് സ്ഫോടക വസ്തുക്കളും കണ്ടെത്തുകയായിരുന്നു. സംഭവത്തിൽ ട്രാക്ടർ ഉടമകൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തുവെന്ന് പൊലീസ് അറിയിച്ചു.