തൃശ്ശൂർ: തൃശ്ശൂരിൽ പ്രസവം നിർത്തൽ ശസ്ത്രക്രിയയ്ക്കു വിധേയയായ യുവതി മരിച്ചു. മാള ചക്കിങ്ങൽ വീട്ടിൽ സിജോയുടെ ഭാര്യ നീതു ആണ് മരിച്ചത്. 31 വയസായിരുന്നു. ചികിത്സ പിഴവാണെന്ന് ബന്ധുക്കൾ ആരോപിച്ചു. പോട്ട പാലസ് ആശുപത്രിയിലാണ് സംഭവം നടന്നത്.
അനസ്തേഷ്യയ്ക്ക് ശേഷം യുവതി ഫിക്സ് വന്ന് അബോധാവസ്ഥയിലായെന്ന് ആശുപത്രി അധികൃതർ വിശദീകരിച്ചു. സംഭവത്തെ തുടർന്ന് ചികിത്സ രേഖകൾ പൊലീസ് കസ്റ്റഡിയിലെടുത്തു. യുവതിക്ക് അപസ്‌മാരം വന്ന് സ്ഥിതി വഷളായതോടെ തൃശൂരിലെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.തുടർന്ന് ഇന്ന് പുലർച്ചയോടെ മരണം സ്ഥിരീകരിച്ചു.
തിങ്കളാഴ്ചയായാണ് യുവതിയെ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കിയത്. പ്രസവം കഴിഞ്ഞ് 9 ദിവസത്തിന് ശേഷമായിരുന്നു ശസ്ത്രക്രിയ. ആശുപത്രിയുടെ ചികിത്സ പിഴവാണ് മരണകാരണമെന്ന് ചൂണ്ടിക്കാട്ടി ബന്ധുക്കൾ പൊലീസിൽ പരാതി നൽകിയിരിക്കുന്നത്. തുടർന്ന് പോലീസ് സ്വാഭാവിക മരണത്തിനു കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടം പൂർത്തിയാക്കിയ ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകും.
അതെ സമയം ഇതിനു പിന്നാലെ കൊടുങ്ങല്ലൂരില്‍ പ്രസവ ശസ്ത്രക്രിയയെ തുടര്‍ന്ന് യുവതി മരിച്ചു. കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിലെ ചികിത്സാ പിഴവിലാണ് ചെന്ത്രാപ്പിന്നി അലുവത്തെരുവ് പടിഞ്ഞാറ് ഭാഗം കുട്ടോടത്ത് പാടം വീട്ടിൽ അഷിമോന്‍റെ ഭാര്യ കാർത്തിക മരിച്ചതെന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്.