തിരുവനന്തപുരം: കഠിനംകുളം പടിഞ്ഞാറ്റ് മുക്കില്‍ ഒരുകുടുംബത്തിലെ മൂന്ന് പേര്‍ കിടപ്പുമുറിയില്‍ തീ കൊളുത്തി മരിച്ച സംഭവത്തിന് പിന്നില്‍ കടബാദ്ധ്യതയും കൊള്ള പലിശയും. പലിശക്കാരുടെ നിരന്തര പീഡനവും മുതലിനെക്കാല്‍ ഇരട്ടി പണം പലിശയിനത്തില്‍ നല്‍കിയിട്ടും ജീവിക്കാന്‍ അനുവദിക്കാത്തതിനെ തുടര്‍ന്നാണ് പിതാവും ഭാര്യയും 23 കാരിയായ മകളും ജീവനൊടുക്കിയത്.
ഇന്നലെ രാത്രി 11-30 ഓടെയാണ് കഠിനംകുളം പടിഞ്ഞാറ്റുമുക്ക് കാര്‍ത്തിക വീട്ടില്‍ 48 വയസുള്ള രമേശന്‍, ഭാര്യ 46 കാരി സുലജ കുമാരി, മകള്‍ 23 വയസുള്ള രേഷ്മ എന്നിവര്‍ കിടപ്പുമുറിയില്‍ തീ കൊളുത്തി മരിച്ചത്. ഗല്‍ഫിലായിരുന്ന രമേശന്‍ വ്യാഴാഴ്ച രാവിലെയാണ് നാട്ടിലെത്തിയത്. ഭാര്യ സുലജ കുമാരിയാണ് ഭര്‍ത്താവിനെ എയര്‍പോര്‍ട്ടില്‍ പോയി കൂട്ടികൊണ്ട് വന്നത്.
വന്ന സമയം മുതല്‍ രമേശന്‍ വീട്ടില്‍ നിന്നും പുറത്തിറങ്ങിയില്ല. ഭാര്യയും മകളുമായുള്ള ചര്‍ച്ചയിലായിരുന്നു. വൈകുന്നേരത്തോടെ രമേശന്റെ ഇളയ മകന്‍ ക്ഷേത്രത്തില്‍ ചെണ്ട വായിക്കാന്‍ പോയി. രാത്രി 10 മണി വരെ സുലജകുമാരിയുടെ മാതാപിതാക്കളുമായി സംസാരിച്ചിരുന്ന ശേഷം ഭക്ഷണവും കഴിച്ചിട്ടാണ് മരിച്ച മൂന്നുപേരും മുറിക്കുള്ളില്‍ പ്രവേശിച്ചത്.
തുടര്‍ന്നാണ് നാടിന് നടുക്കിയ സംഭവം അരങ്ങേറിയത്. രാത്രി 11-30 യോടെ അടുത്ത മുറിയില്‍ കിടന്ന സുലജകുമാരിയുടെ മാതാപിതാക്കള്‍ ജനല്‍ ചില്ലുകളും മറ്റും പൊട്ടിത്തെറിക്കുന്ന ശബ്ദം കേട്ട് ഞെട്ടി ഉണരുകയായിരുന്നു.
വീടാകെ പുകയും മക്കള്‍ കിടന്ന മുറിയില്‍ തീ ആളിപടരുന്ന കാഴ്ചയുമായിരുന്നു കണ്‍മുന്നില്‍. ഇവരുടെ നിലവിളി കേട്ടാണ് പരിസരവാസികള്‍ ഓടിക്കൂടിയത്.
റൂമിനകത്ത് പ്രവേശിക്കാന്‍ കഴിയാത്തത്ര രീതിയില്‍ മുറി ലോക്ക് ചെയ്യതിരുന്നു. മുന്‍വാതില്‍ തകര്‍ത്ത് സമീപവാസികള്‍ അകത്തെത്തിയെങ്കിലും കിടപ്പുമുറിയുടെ വാതില്‍ തുറക്കാതിരിക്കാന്‍ അലമാരയും മറ്റും ചേര്‍ത്തു വച്ചിരിക്കുകയായിരുന്നു.
കഴക്കൂട്ടം ഫയര്‍ഫോഴ്‌സും കഠിനംകുളം പോലീസുമെത്തിയാണ് തീ പൂര്‍ണമായും കെടുത്തിയത്.
രമേശന്റെ മൃതദേഹം തറയില്‍ കിടക്കുന്ന നിലയിലും, സുലജയുടെയും രേഷ്മയുടെയും മൃതദേഹങ്ങള്‍ കട്ടിലിലുമാണ് കിടന്നത്. വീടിനുള്ളില്‍ ആത്മഹത്യാ കുറിപ്പ് പോലീസ് കണ്ടെടുത്തു. പണം കൊടുക്കേണ്ടവരുടെ വിവരങ്ങള്‍ കുറിപ്പില്‍ വിശദമായി സൂചിപ്പിച്ചിട്ടുണ്ട്. ഫോറന്‍സിക് വിഭാഗത്തിന്റെ പരിശോധനക്ക് ശേഷം കഠിനംകുളം പോലീസ് മറ്റു നടപടികള്‍ പൂര്‍ത്തിയാക്കി മൂന്ന് പേരുടെയും മൃതദേഹങ്ങള്‍ മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി.
മരിച്ച രമേശന് വലിയ കടബാധ്യതയും ചെക്ക് മടങ്ങിയതുമായി ബന്ധപ്പെട്ട സാമ്പത്തിക ബുദ്ധിമുട്ടുകളും ഉണ്ടായിരുന്നതായി ബന്ധുക്കള്‍ വ്യക്തമാക്കുന്നുണ്ട്. ലോണ്‍ തിരിച്ചടയ്ക്കാത്ത സാഹചര്യത്തില്‍ രമേശന്റെ വീടും പറമ്പും ജപ്തി ചെയ്യുന്ന സാഹചര്യവും ഉണ്ടായിരുന്നു. ലോണ്‍ എടുക്കാനാണ് രമേശന്‍ വിദേശത്തുനിന്നെത്തിയത്. എന്നാല്‍, സാമ്പത്തിക ബാധ്യത തീര്‍ക്കാന്‍ വീടും വസ്തുവും വില്‍ക്കാന്‍ ശ്രമിച്ചെങ്കിലും കേസില്‍പ്പെട്ടതിനാല്‍ വില്‍ക്കാന്‍ കഴിഞ്ഞില്ല.