-സബിത രാജ്-
ജനാധിപത്യ രാജ്യം. നിറത്തിന്റെയും ജാതിയുടെയും മതത്തിന്റെയും അതിര്‍വരമ്പുകളില്ലാത്ത രാജ്യമെന്ന് വാഴ്ത്തപ്പെടുമ്പോഴും അല്ലന്ന് ഉറക്കെ വിളിച്ചുകൂവുന്നൊരു സമൂഹം ആണ് ഇന്ത്യയിൽ ഇന്ന് ഉള്ളത്. കഴിഞ്ഞ ദിവസം അന്തരിച്ച ഒരു പ്രമുഖ എഴുത്തുകാരിയെ ജാതിവാലില്ലാതെ ഒരു പത്രവാർത്തകളിലും കണ്ടില്ല. അവരുടെ പേരിനു മുന്നിൽ ജാതി എഴുതിപിടിപ്പിച്ചത് അവർ അവരുടെ എഴുത്തുകളിലും മറ്റും ജാതി വിവേചനത്തെപ്പറ്റി അല്ലെങ്കിൽ അത്തരം ആളുകളുടെ ജീവിത സാഹചര്യങ്ങളെ പറ്റി ഉറക്കെ വിളിച്ചുപറയാൻ മടിയില്ലാത്തത് കൊണ്ടല്ല. ഇപ്പോഴും നിലനിൽക്കുന്ന ജാതിമത വ്യവസ്ഥിതികൾ മാറ്റമില്ലാതെ തുടരുന്നു എന്നതുകൊണ്ട് മാത്രമാണ്.
അവരുടെ നേട്ടങ്ങൾ അക്കമിട്ട് നിരത്തിയിട്ടുണ്ട്. എന്നാൽ അതിനു മുൻതൂക്കം കൊടുക്കാൻ എന്തെ ഇവിടുത്തെ സാഹചര്യങ്ങള്‍ അനുവധിക്കുന്നില്ലെ ? നാട്ടിൽ എന്ത് അക്രമം നടന്നാലും, പീഡനം നടന്നാലും ജാതി ചേർത്ത് റിപ്പോർട്ട് ചെയ്യുന്ന മാധ്യമവ്യവസ്ഥിതികൾ എന്ന് മാറും ? ഒരു മരണവാര്‍ത്തയില്‍ തന്നെ ജാതിയെടുത്ത് പറഞ്ഞ് ഇത് എത്ര എത്ര തവണയാണ് ? ഒരാളുടെ മരണത്തിനോട് പോലും മര്യാദ കാട്ടാത്ത അത്ര അധപതിച്ചു പോയ ജാതി രാഷ്ട്രീയം. അല്ലാതെ എന്ത്? മാറ്റമുണ്ടാകുമെന്ന് കരുതുന്ന ഒന്നും മാറാൻ പോകുന്നില്ല. സമൂഹം ഇപ്പോഴും വിളിച്ചു കൂവുന്ന ജാതി -മത വിഷം ഇനിയും ചീറ്റിക്കൊണ്ടു തന്നെയിരിക്കും. മതേതരത്വം വാക്കുകളിൽ ചുരുങ്ങുമ്പോൾ വരും തലമുറയെങ്കിലും മാറി ചിന്തിയ്ക്കട്ടെ.