ശബരിമല യുവതി പ്രവേശനം; കളംമാറ്റിച്ചവിട്ടി സിപിഎം; വിശ്വാസികളെ എതിരാക്കുന്ന തീരുമാനം വേണ്ടെന്ന് പാര്‍ട്ടി നിലപാട്

0
48

തിരുവനന്തപുരം: ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട നിലപാടില്‍ മലക്കം മറിഞ്ഞ് സിപിഐഎമ്മും സര്‍ക്കാരും. യുവതി പ്രവേശനത്തില്‍ മുന്‍ നിലപാട് തിരുത്തി ആചാര സംരക്ഷണത്തെ അനുകൂലിച്ച് സര്‍ക്കാര്‍ ശനിയാഴ്ച സുപ്രീംകോടതിയില്‍ നിലപാട് അറിയിക്കും. സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലാണ് ഇതുസംബന്ധിച്ച് ധാരണയായത്. മുന്‍പ് ശബരിമലയില്‍ യുവതീ പ്രവേശനം ആകാമെന്നായിരുന്നു സര്‍ക്കാര്‍ സത്യവാങ്മൂലം സമര്‍പിച്ചത്. ഈ നിലപാട് തിരുത്തിക്കൊണ്ടുള്ള സത്യവാങ്മൂലമായിരിക്കും അടുത്ത ദിവസം സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സമര്‍പിക്കുന്നത്.

നിയമസഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുന്‍പുള്ള നിലപാട് മാറ്റം വോട്ട് നഷ്ടപ്പെടുത്തുമെന്ന ഭയത്തില്‍ നിന്നാണെന്ന് കരുതുന്നു. സ്ത്രീ പ്രവേശന വിഷയം വലിയ തോതില്‍ ആയുധമാക്കാന്‍ കോണ്‍ഗ്രസും ബിജെപിയും ശ്രമിക്കുമെന്ന ആശങ്കയും ഇടത് മുന്നണിക്കുണ്ട്. ഈ സാഹചര്യത്തിലാണ് യുവതീ പ്രവേശത്തിന് എല്ലാവിധ പിന്തുണയും നല്‍കിയിരുന്ന സര്‍ക്കാര്‍ ആചാരസംരക്ഷണം എന്ന ആവശ്യത്തിലേക്കു മാറുന്നത്. അടുത്തിടെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡും യോഗം ചേര്‍ന്ന് ശബരിമലയിലെ ആചാരസംരക്ഷണത്തെ അനുകൂലിച്ച് സുപ്രീംകോടതിയില്‍ നിലപാട് അറിയിക്കാന്‍ തീരുമാനിച്ചിരുന്നു.

ശബരിമല യുവതീ പ്രവേശന വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ അടക്കമുള്ളവര്‍ മാര്‍ച്ച് 14നകം നിലപാട് അറിയിക്കണമെന്നാണ് സുപ്രീംകോടതി നിര്‍ദേശിച്ചിരിക്കുന്നത്. വിശദവാദം ഏപ്രില്‍ 7ന് തുടങ്ങും. ശബരിമല യുവതീപ്രവേശമുള്‍പ്പെടെ, മതങ്ങളും സ്ത്രീകളുടെ അവകാശങ്ങളും സംബന്ധിച്ച വിവിധ ഹര്‍ജികള്‍ പരിഗണിക്കുമ്പോഴായിരുന്നു സുപ്രീംകോടതി നിര്‍ദേശം. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണു ഹര്‍ജികള്‍ പരിഗണിക്കുന്നത്.

2006 ആഗസ്തിലാണ് ആദ്യമായി യുവതി പ്രവേശം കോടതി കയറുന്നത്. ഹര്‍ജിയില്‍ നോട്ടീസ് അയയ്ക്കാന്‍ സുപ്രീംകോടതി തീരുമാനിച്ചു. അയ്യപ്പ ഭക്തര്‍ ഒരു പ്രത്യേക മതവിഭാഗമായതിനാല്‍ ദര്‍ശനം നിയന്ത്രിക്കാന്‍ അവകാശമുണ്ടെന്നായിരുന്നു 2007ല്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ സത്യവാങ്മൂലം. എന്നാല്‍ സ്ത്രീകള്‍ക്കു പ്രായഭേദമെന്യേ ദര്‍ശനം അനുവദിക്കണമെന്നു വിഎസ് സര്‍ക്കാര്‍ 2008 ഫെബ്രുവരിയിലെ സത്യവാങ്മൂലത്തില്‍ നിലപാട് വ്യക്തമാക്കി. എല്ലാം പരിഗണിച്ചാണ് 12 വര്‍ഷം നീണ്ട നിയമനടപടികളിലൂടെ 2018 സെപ്റ്റംബര്‍ 28ന് സുപ്രീംകോടതി യുവതീ പ്രവേശം അനുവദിച്ചു വിധി പറഞ്ഞു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here