തിരുവനന്തപുരം: തിരുവനന്തപുരത്തിന് അഭിമാനമായി 25, 26 തീയതികളില്‍ നടക്കുന്ന സമ്മോഹന്‍ ദേശീയ ഭിന്നശേഷി കലാമേളയ്ക്ക് വിപുലമായ ക്രമീകരണങ്ങളോടെ ഡിഫറന്റ് ആര്‍ട് സെന്റര്‍ ഒരുങ്ങി. കലാമേളയ്‌ക്കെത്തുന്ന ഭിന്നശേഷിക്കുട്ടികളെ വരവേല്‍ക്കാന്‍ വിപുലമായ സംവിധാനങ്ങളാണ് ഡിഫറന്റ് ആര്‍ട് സെന്ററില്‍ ഒരുക്കിയിരിക്കുന്നത്. കുട്ടികള്‍ക്ക് നല്‍കാനുള്ള ഉപഹാര കിറ്റുകളുടെ ക്രമീകരണം സെന്ററിലെ ഭിന്നശേഷിക്കുട്ടികളുടെ അമ്മമാരുടെ നേതത്വത്തില്‍ നടന്നു.
നിരവധി വിഭവങ്ങളാണ് കുട്ടികള്‍ക്ക് നല്‍കുന്ന കിറ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഡിഫറന്റ് ആര്‍ട് സെന്റര്‍, മാജിക് പ്ലാനറ്റ്, കിന്‍ഫ്ര ഫിലിം ആന്‍ഡ് വീഡിയോ പാര്‍ക് എന്നിവിടങ്ങളില്‍ പ്രത്യേക ദീപാലങ്കാരം ഒരുക്കും. സെന്ററിലെ പത്തോളം വേദികളില്‍ ഇനിയുള്ള രണ്ട് ദിവസങ്ങളില്‍ വിവിധ കലാരൂപങ്ങള്‍ അരങ്ങേറും.
ഡാന്‍ഡിയ നൃത്തം, വീല്‍ ചെയര്‍ ഡാന്‍സ്, ഒഡീസി നൃത്തം ഗുഡ്ക നൃത്തം തുടങ്ങി വിവിധ തനത് കലാരൂപങ്ങള്‍ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള കലാകാരന്‍മാര്‍ അവതരിപ്പിക്കും. കലാമളേയില്‍ പഴയിടം മോഹനന്‍ നമ്പൂതിരിയാണ് ഭക്ഷണം ഒരുക്കുന്നത്. ഉത്തരേന്ത്യന്‍ വിഭവങ്ങളും കേരളത്തിന്റെ തനത് രുചികളും ഭക്ഷണശാലകളെ സമൃദ്ധമാക്കും. ഒരേ സമയം ആയിരത്തി അഞ്ഞൂറില്‍പ്പരം ആളുകള്‍ക്ക് ഭക്ഷണം കഴിക്കാവുന്ന തരത്തിലാണ് ക്രമീകരണങ്ങള്‍ ഒരുക്കിയിരിക്കുന്നത്. പരിപാടികളില്‍ ഭിന്നശേഷി മേഖലയില്‍ നിന്നുള്ള നിരവധി പ്രമുഖരും പങ്കെടുക്കുന്നുണ്ട്.