കൊച്ചി: തീം പാർക്കിലേക്ക് വിനോദയാത്ര പോയ കുട്ടികൾക്ക് കൂട്ടത്തോടെ പനി. എറണാകുളം സൗത്ത് ഗവൺമെന്റ് ഗേൾസ് ഹൈസ്കൂളിലെയും എറണാകുളം പനങ്ങാട് ഹയർ സെക്കൻഡറി സ്കൂളിലെയും നിരവധി കുട്ടികൾക്കാണ് പനി സ്ഥിരീകരിച്ചത്. സ്വകാര്യ ലാബിൽ നടത്തിയ പരിശോധനയിൽ പനങ്ങാട് സ്കൂളിലെ 8 കുട്ടികൾക്ക് എലിപ്പനി സ്ഥിരീകരിച്ചു. എന്നാൽ ആശങ്കപ്പെടേണ്ടതില്ലെന്നും സർക്കാർ ലാബിലെ പരിശോധന ഫലം വന്നാലെ എലിപ്പനി ഉറപ്പിക്കാനാകൂ എന്നും ആരോഗ്യ വകുപ്പ് അറിയിച്ചു.
17നു തൃശൂരിലെ തീം പാർക്കിലേക്കാണ് പനങ്ങാട് സ്കൂളിലെയും എറണാകുളം ഗേൾസ് ഹൈസ്കൂളിലെയും കുട്ടികൾ വിനോദയാത്ര പോയത്. തിരിച്ചു വന്നതിന് പിന്നാലെയാണ് കുട്ടികൾക്ക് പനി തുടങ്ങിയത്. സമീപത്തെ ക്ലിനിക്കിലാണ് പനങ്ങാട് സ്കൂളിലെ കുട്ടികൾ ആദ്യം പരിശോധനയ്ക്കെത്തിയത്. അവിടുത്തെ ഡോക്ടറുടെ നിർദേശപ്രകാരം അടുത്തുള്ള ലാബിൽ പരിശോധിച്ച 25 കുട്ടികളിൽ 8 പേർക്ക് എലിപ്പനി സ്ഥിരീകരിച്ചു.
കൂടാതെ ഒരു കുട്ടിയുടെ മുത്തച്ഛനും എലിപ്പനി സ്ഥിരീകരിച്ചു. മാത്രമല്ല ലാബിലെ പരിശോധനയിൽ നെഗറ്റീവ് റിപ്പോർട്ട് കിട്ടിയവർക്കും എലിപ്പനി ലക്ഷണങ്ങളുണ്ട്. കുട്ടികൾക്ക് വ്യാപകമായി പനി ബാധിച്ചതോടെ സ്വകാര്യ ക്ലിനിക്കലെ ഡോക്ടർ ആരോഗ്യവകുപ്പിനെ വിവരം അറിയിച്ചു. തുടർന്ന് ആരോഗ്യ വകുപ്പ് സ്കൂളുകളിൽ മെഡിക്കൽ ക്യാംപ് സംഘടിപ്പിച്ചു.
പക്ഷെ ആശങ്കപ്പെടേണ്ടതിലെന്നും സർക്കാർ ലാബിലെ പരിശോധന ഫലം കിട്ടിയാലേ എലിപ്പനി സ്ഥിരീകരിക്കാനാകൂ എന്നുമുള്ള നിലപാടിലാണ് ആരോഗ്യ വകുപ്പ്. കാര്യമായ രോഗലക്ഷണങ്ങളുള്ള കുട്ടികളെല്ലാം വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. ഇതേ തുടർന്ന് തൃശൂർ ഡിഎംഒയുടെ നിർദേശപ്രകാരം ആരോഗ്യ വകുപ്പ് തീം പാർക്കിൽ പരിശോധന നടത്തിയെന്ന് എറണാകുളം ഡിഎംഒ അറിയിച്ചു.