തിരുവനന്തപുരം: ഡോക്ടർമാരുടെ സമരഥത്തിൽ വലഞ്ഞ് നിരവധി രോഗികൾ. ആരോഗ്യ പ്രവർത്തകർക്ക് എതിരായ ആക്രമണങ്ങൾ തടയണമെന്ന് ആവശ്യപ്പെട്ടാണ് ഡോക്ടർമാരുടെ സംഘടനകൾ കൂട്ടമായി പണിമുടക്കിയത്. ഇതോടെ സംസ്ഥാനത്തെ ആരോഗ്യമേഖല പ്രതിസന്ധിയിലായി. മെഡിക്കൽ കോളജുകളിൽ അടക്കം ഒപി മുടങ്ങിയതോടെ നൂറ് കണക്കിന് രോഗികളാണ് വലഞ്ഞത്. വൈകിട്ട് ആറ് മണി വരെയാണ് സമരം.
എല്ലാ മെഡിക്കൽ കോളജുകളിലും ജില്ലാ ആശുപത്രികളിലും ഡോക്ടറെ കാത്ത് രോഗികളുടെ നീണ്ട നിര തന്നെ ഉണ്ടായി. ഐഎംഎ സംസ്ഥാന ഘടകം, കേരള ഗവൺമെന്റ് മെഡിക്കൽ കോളജ് ടീച്ചേഴ്സ് അസോസിയേഷൻ, ഇന്ത്യൻ ഡെന്റൽ അസോസിയേഷൻ, ഹൗസ് സർജൻസ് അസോസിയേഷൻ, സ്റ്റുഡന്റ്സ് യൂണിയനുകൾ തുടങ്ങിയ സഘടനകളാണ് സമരത്തിൽ പങ്കു ചേർന്നത്. പണിമുടക്കിയ ഡോക്ടർമാർ എല്ലാ ജില്ലകളിലും പ്രതിഷേധ റാലിയും ധർണയും സംഘടിപ്പിച്ചു.
പല ആശുപത്രികളിലും ചികിത്സ കിട്ടാതെ മിക്ക രോഗികളും മടങ്ങി. കോഴിക്കോട്ട് ദൂരെ സ്ഥലങ്ങളിൽ നിന്ന് മെഡിക്കൽ കോളേജിലേക്ക് എത്തിയ രോഗികൾ ആംബുലൻസുകളിൽ ഏറെ നേരം കാത്തുകിടന്നു. അടിയന്തര ശസ്ത്രക്രിയകൾ മാത്രമാണ് സ്വകാര്യ ആശുപത്രികളിലും നടന്നത്. പല സ്വകാര്യ ആശുപത്രികളുടെ പ്രവർത്തനവും സ്തംഭിച്ചു. അത്യാഹിതം ഒഴികെയുള്ള വിഭാഗങ്ങൾ പ്രവർത്തിച്ചില്ല.