തിരുവനന്തപുരം: മാരകമായ ക്യാൻസർ തന്റെ ശരീരത്തിൽ കടന്നു കൂടിയപ്പോഴും അത് പുറത്ത് പ്രകടിപ്പിക്കാതെ ചിരിയിലൂടെ ജീവിതം തിരികെ പിടിച്ച നടനായിരുന്നു ഇന്നസെന്റെന്ന് മന്ത്രി ആർ.ബിന്ദു അഭിപ്രായപ്പെട്ടു. ഒരു കലാകാരനു പുറമെ ജനകീയനായ പൊതുപ്രവർത്തകൻ കൂടിയായതിനാലാണ് ഇന്നസെന്റിന്റെ മരണാനന്തര ചടങ്ങുകളിൽ കണ്ട ജനസാന്നിദ്ധ്യമെന്നും പ്രേം നസീർ സുഹൃത് സമിതി സംഘടിപ്പിച്ച ഇന്നസെന്റ് അനുസ്മരണം ഉൽഘാടനം ചെയ്തു കൊണ്ട് മന്ത്രി ബിന്ദു പ്രസ്താവിച്ചു.
സമിതി പ്രസിഡണ്ട് പനച്ചമൂട് ഷാജഹാൻ അദ്ധ്യക്ഷത വഹിച്ചു. നർമ്മം ചാലിച്ചെടുത്ത കഥാപാത്രങ്ങൾക്കു പുറമെ ഭാവസാന്ദ്രമായ വേഷങ്ങളിലൂടെ മലയാള സിനിമ വേദിയെ കൈ പിടിയിലൊതുക്കിയ നടനായിരുന്നു ഇന്നസെന്റെന്ന് മുഖ്യപ്രഭാഷണത്തിലൂടെ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ അഭിപ്രായപ്പെട്ടു. ഭാരത് ഭവൻ മെമ്പർ സെക്രട്ടറി പ്രമോദ് പയ്യന്നൂർ, ബാലുകിരിയത്ത്, പി.ശ്രീകുമാർ, കലാപ്രേമി ബഷീർ,സബീർ തിരുമല, അജയ് തുണ്ടത്തിൽ, ഗിരിജാ സേതുനാഥ്, തെക്കൻ സ്റ്റാർ ബാദുഷ, ബാലചന്ദ്രൻ എന്നിവർ സംബന്ധിച്ചു. മുഹമ്മദ് റാഷിദ് ഇന്നസെന്റിനെക്കുറിച്ചെഴുതിയ അനുസ്മരണ ഗാനം ഡോ: വാഴമുട്ടം ചന്ദ്രബാബു ഈണം നൽകി പാടി കൊണ്ടാന്ന് ചടങ്ങ് ആരംഭിച്ചത്.