കൊച്ചി: വി.എസ് ശിവകുമാറിന് വീണ്ടും ഇഡി നോട്ടീസ്. അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ടാണ് മുൻമന്ത്രിയും കോൺഗ്രസ് നേതാവുമായ വി.എസ്. ശിവകുമാറിന് വീണ്ടും ഇഡി നോട്ടീസ് അയച്ചത്. ഇത് നാലാം തവണയാണ് അനധികൃത സ്വത്ത് സമ്പാദന കേസിൽ വിഎസ് ശിവകുമാറിന് ഇഡി നോട്ടീസ് നൽകുന്നത്. നാളെ രാവിലെ 11 ന് ഹാജരാകാനാണ് ഇഡി നോട്ടീസിൽ നിർദ്ദേശിച്ചിരിക്കുന്നത്.
ഏറെ നാളുകളായി വി.എസ്. ശിവകുമാറിനെതിരായ അന്വേഷണം നടത്തിവരികയാണ്. വിജിലൻസും പരിശോധന നടത്തിയിരുന്നു. ഏപ്രിൽ മുതൽ ഇഡി സംഘം വിഎസ് ശിവകുമാറിന് നോട്ടീസ് നൽകിയിരുന്നു.തനിക്കെതിരെ എൻഫോഴ്സ്മെന്‍റിന് കിട്ടിയ ഊമക്കത്തിന്‍റെ അടിസ്ഥാനത്തിലാണ് അന്വേഷണമെന്നും രാഷ്ട്രീയപ്രേരിതമാണ് ഇതെന്നുമാണ് വിഎസ് ശിവകുമാറിന്‍റെ വാദം.
തിരുവനന്തപുരത്തെ ചില ആശുപത്രി ഇടപാടുകളടക്കം ഇഡി അന്വേഷണ പരിധിയിലുണ്ട്. മുൻപ് ഇഡി നോട്ടീസ് നൽകിയ ഘട്ടത്തിൽ വിഎസ് ശിവകുമാർ ചോദ്യം ചെയ്യലിന് ഹാജരാകാതിരുന്ന ഘട്ടത്തിൽ അന്വേഷണ സംഘം തന്നെ തീയ്യതി മാറ്റിയതാണെന്നാണ് അദ്ദേഹം പറഞ്ഞത്.