തിരുവനന്തപുരം: തിരുവനന്തപുരം മൃഗശാലയിൽ നിന്ന് ചാടിപ്പോയ ഹനുമാൻ കുരങ്ങിനെ പിടികൂടി. കുരങ്ങിനെ ജർമൻ സാംസ്കാരിക കേന്ദ്രത്തിന്റെ ശുചിമുറിക്കകത്ത് നിന്നാണ് കിട്ടിയത്. മൃഗശാല ജീവനക്കാരെത്തിയാണ് കുരങ്ങിനെ പിടികൂടിയത്. ഹനുമാൻ കുരങ്ങിനെ പിടിക്കാനുള്ള ശ്രമങ്ങൾ രണ്ടാഴ്ച്ചയായി നടത്തി വരികയായിരുന്നു.
മഴ കനത്തതിനെത്തുടർന്നാണ് കുരങ്ങ് കെട്ടിടത്തിൽ അഭയം തേടിയതെന്നാണ് കരുതുന്നത്. നിലവിൽ കുരങ്ങിന്‍റെ ആരോഗ്യത്തിന് പ്രശ്നമില്ലെന്നും മൃഗശാല അധികൃതർ വ്യക്തമാക്കി.
പരീക്ഷണാടിസ്ഥാനത്തിൽ, തുറന്നു വിടുന്നതിനിടെയാണ് മൂന്ന് വയസ്സുള്ള പെൺകുരങ്ങ് ചാടിപ്പോയത്. എന്നാൽ കൂട്ടിലേക്ക് പിന്നീട് തിരികെ വരാൻ കൂട്ടാക്കിയില്ല. കൂട്ടിൽ നിന്ന് ഇറങ്ങിയ ഉടൻ ഉടൻ മരങ്ങളിലേക്ക് കയറി കുരങ്ങ് അകന്ന് പോകുന്നത് പുറത്തുവന്ന ദൃശ്യങ്ങളിൽ കാണാമായിരുന്നു. മൃഗശാലക്കുള്ളിൽ തന്നെയുള്ള മരത്തിന് മുകളിലായി കുരങ്ങിനെ കണ്ടെത്തിയിരുന്നു. എന്നാൽ തിരികെ മൃഗശാലയിലേക്ക് മടങ്ങിയെത്തിയ കുരങ്ങ്, മരത്തിന് മുകളിൽ തുടരുകയായിരുന്നു.