
തിരുവനന്തപുരം: ഭിന്നശേഷി വിഭാഗക്കാര്‍ക്ക് തിരഞ്ഞെടുപ്പിന്റെ പ്രധാന്യം ബോധ്യപ്പെടുത്തുന്നതിനും വോട്ടിംഗ് സംവിധാനം മനസ്സിലാക്കുന്നതിനും പരിശീലിപ്പിക്കുന്നതിനുമായി സംസ്ഥാന മുഖ്യതിരഞ്ഞെടുപ്പ് ഓഫീസറുടെ കാര്യാലയത്തിന്റെ സഹകരണത്തോടെ ഡിഫറന്റ് ആര്‍ട് സെന്റര്‍ സംഘടിപ്പിക്കുന്ന മാതൃകാ ജനാധിപത്യ തിരഞ്ഞെടുപ്പ് പ്രക്രിയ വ്യാഴാഴ്ച്ച രാവിലെ 11ന് നടക്കും. വീ, ദ പീപ്പിള്‍ ഓഫ് ഇന്ത്യ എന്ന പേരില്‍ നടക്കുന്ന പരിപാടിയില്‍ കൃത്യമായ തിരഞ്ഞെടുപ്പ് മാനദണ്ഡങ്ങളും നടപടി ക്രമങ്ങളും പാലിച്ചുകൊണ്ടാണ് നടക്കുന്നത്. ഇതിലൂടെ ഡിഫറന്റ് ആര്‍ട് സെന്ററിലെ ഭിന്നശേഷിക്കാരില്‍ നിന്നും പ്രസിഡന്റ്, പ്രധാനമന്ത്രി എന്നിവരെ തിരഞ്ഞെടുക്കും.
തിരഞ്ഞെടുപ്പ് പ്രക്രിയയുടെ ഉദ്ഘാടനം കേരള ചീഫ് ഇലക്ട്രല്‍ ഓഫീസര്‍ സഞ്ജയ് കൗള്‍ ഐ.എ.എസ് നിര്‍വഹിക്കും. അഡീഷണല്‍ ചീഫ് ഇലക്ട്രല്‍ ഓഫീസര്‍ ഷര്‍മിള.സി അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ സ്റ്റേറ്റ് ലെവല്‍ മാസ്റ്റര്‍ ട്രയിനര്‍ ശിവ്‌ലാല്‍ ആര്‍.വി, ഡിഫറന്റ് ആര്‍ട് സെന്റര്‍ എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ഗോപിനാഥ് മുതുകാട്, മാനേജര്‍ സുനില്‍രാജ് സി.കെ എന്നിവര്‍ പങ്കെടുക്കും.
ഒരു തിരഞ്ഞെടുപ്പിന്റെ എല്ലാ ഘട്ടങ്ങളും ഭിന്നശേഷിക്കാര്‍ക്ക് മനസ്സിലാക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞ രണ്ടാഴ്ചയായി ഡിഫറന്റ് ആര്‍ട് സെന്ററില്‍ വിവിധ പരിപാടികളാണ് നടന്നുവരുന്നത്. ഭിന്നശേഷിക്കുട്ടികളുടെ മൂന്ന് പ്രതീകാത്മക പാര്‍ട്ടികള്‍ രൂപീകരിച്ചാണ് മത്സരങ്ങള്‍ നടക്കുന്നത്. എംപവര്‍ ഡെമോക്രസി പാര്‍ട്ടിക്കുവേണ്ടി പട്ടം ചിഹ്നത്തില്‍ ദീപക് ബെന്നി, ഹസ്‌ന എന്‍ എന്നിവരും പ്രോഗ്രസീവ് വിഷന്‍ ലീഗ് പാര്‍ട്ടിക്കുവേണ്ടി നക്ഷത്രം ചിഹ്നത്തില്‍ അരുണിമ പി.എസ്, അഭിനന്ദ്.എ എന്നിവരും എബിലിറ്റി അച്ചീവേഴ്‌സ് കോണ്‍ഗ്രസ് പാര്‍ട്ടിക്കുവേണ്ടി ചിത്രശലഭം ചിഹ്നത്തില്‍ അപര്‍ണസുരേഷും അഭിരാജുമാണ് പ്രസിഡന്റ്, പ്രധാനമന്ത്രി സ്ഥാനത്തേയ്ക്ക് മത്സരിക്കുന്നതിനായി നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചത്.
പത്രിക സൂക്ഷ്മ പരിശോധനയ്ക്ക് വിധേയമാക്കിയ ശേഷം അന്തിമ പട്ടിക പുറത്തിറക്കി. തുടര്‍ന്ന് കഴിഞ്ഞ ദിവസങ്ങളിലായി പ്രചാരണ പരിപാടികള്‍ പാര്‍ട്ടികള്‍ നടത്തിവരികയാണ്. കൊട്ടിക്കലാശം കഴിഞ്ഞ് ഇന്ന് (ബുധന്‍) നിശബ്ദ പ്രചാരണം നടക്കും. നാളെയാണ് വോട്ടെടുപ്പ് നടക്കുന്നത്. ഇലക്ട്രോണിക് വോട്ടിംഗ് മെഷീനിലൂടെ സെന്ററിലെ ഭിന്നശേഷിക്കുട്ടികള്‍ തങ്ങളുടെ സമ്മത്ദാന അവകാശം രേഖപ്പെടുത്തും. ഫല പ്രഖ്യാപനം 11നാണ് നടക്കുക. മുന്നൂറോളം ഭിന്നശേഷിക്കാരാണ് സെന്ററിലുള്ളത്.
തിരഞ്ഞെടുക്കപ്പെടുന്നവര്‍ ഇന്ത്യയുടെ സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് 15ന് ഡിഫറന്റ് ആര്‍ട് സെന്ററില്‍ സംഘടിപ്പിക്കുന്ന സ്വാതന്ത്ര്യദിന പരിപാടിയില്‍ മുഖ്യാതിഥികളായി പങ്കെടുക്കും. ഭിന്നശേഷിക്കാര്‍ക്കിടയില്‍ തിരഞ്ഞെടുപ്പും ജനാധിപത്യവുമെന്താണെന്ന് മനസ്സിലാക്കുന്നതിനുവേണ്ടിയാണ് ഒരു പ്രതീകാത്മക തിരഞ്ഞെടുപ്പ് തന്നെ സംഘടിപ്പിക്കുന്നതെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ സ്വീപ് ഐക്കണ്‍ ഓഫ് കേരളയായ ഗോപിനാഥ് മുതുകാട് പറഞ്ഞു.







