തൊടുപുഴ: കഞ്ചാവ് കടത്തിയ പ്രതിക്ക് 14 വർഷം കഠിന തടവും ഒന്നരലക്ഷരൂപ പിഴയും വിധിച്ച് എൻ ഡി പി എസ് കോടതി. 51.050 കി.ഗ്രാം കഞ്ചാവും , 356 ഗ്രാം ഹാഷിഷ് ഓയിലും കടത്തികൊണ്ടുവന്ന കേസിലെ പ്രതിയായ ഇടുക്കി സ്വദേശി 28 വയസ്സുള്ള ഹാരിസ് നാസറിനെയാണ് 14 വർഷം കഠിന തടവിനും 150000 (ഒന്നര ലക്ഷം ) രൂപ വീതം പിഴ അടക്കുന്നതിനും പിഴ അടച്ചില്ലെങ്കിൽ 2 വർഷം കൂടി കഠിന തടവിനും തൊടുപുഴ എൻ ഡി പി എസ്കോടതി ശിക്ഷ വിധിച്ചത്. 2020 സെപ്റ്റംബർ മാസം 2 ന് വെങ്ങല്ലൂർ പാലത്തിന് സമീപത്തു നിന്നാണ് പ്രതിയെ പിടികൂടിയത്. മറ്റ് നിരവധി നാർക്കോട്ടിക് കേസുകളിൽ പ്രതിയാണ് ഹാരിസ് നാസർ .
തൊടുപുഴ എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ ആയിരുന്ന സുദീപ് കുമാർ എൻ പി യും പാർട്ടിയും ചേർന്ന് കണ്ടുപിടിച്ച കേസിൽ ഇടുക്കി അസിസ്റ്റന്റ് എക്സൈസ് കമ്മീഷണർ ആയിരുന്ന ടോമി ജേക്കബ് ആണ്, അന്വേഷണം നടത്തി കുറ്റപത്രം കോടതിയിൽ സമർപ്പിച്ചത്. കേസിൽ പ്രോസിക്യൂഷന് വേണ്ടി എൻ ഡി പി എസ്കോടതി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ Adv.ബി രാജേഷ് ഹാജരായി.