ചെന്നൈ : ചന്ദ്രോപരിതലത്തിൽ ഇറങ്ങാനുള്ള രണ്ടാമത്തെ ശ്രമം പരിപൂർണ്ണ വിജയമായതോടെ ലോകരാജ്യങ്ങളിൽ ചന്ദ്രനിൽ ഇറങ്ങിയതിൽ നാലാം സ്ഥാനം കരസ്ഥമാക്കി ഭാരതവും ലോകചരിത്രത്തിൽ തന്റെ സുവർണ കിരീടം ചൂടിയിരിക്കുകയാണ്.അതോടൊപ്പം ഉപഗ്രഹത്തിന്റെ ദക്ഷിണധ്രുവത്തിൽ ഇറങ്ങുകയും ചന്ദ്രന്റെ ഇരുണ്ട വശം പ്രകാശിപ്പിക്കുകയും ചെയ്യുന്ന ആദ്യത്തെ രാജ്യമായി ഇന്ത്യ മാറി.
ചന്ദ്രയാൻ 3 മറ്റൊരു റെക്കോർഡ് കൂടി സ്ഥാപിച്ചു.ഗൂഗിളിന്റെ ഉടമസ്ഥതയിലുള്ള വീഡിയോ ഷെയറിംഗ് പ്ലാറ്റ്‌ഫോമായ യൂട്യൂബിലാണിത്. യൂട്യൂബിലെ ചന്ദ്രയാൻ -3 തത്സമയ സ്ട്രീം ചരിത്രം സൃഷ്ടിച്ചു.ലോകത്ത് ഏറ്റവും കൂടുതൽ ആളുകൾ കണ്ട തത്സമയ സ്ട്രീമായി ഇത് മാറി.ഐഎസ്ആർഒയുടെ വിക്രം ലാൻഡർ ചന്ദ്രോപരിതലത്തിൽ പതിച്ചപ്പോൾ ചന്ദ്രയാൻ-3 ദൗത്യത്തിലൂടെ ഇന്ത്യ ചരിത്രം രചിച്ചു. ബഹിരാകാശ സാങ്കേതിക മേഖലയിലെ സ്റ്റാർട്ടപ്പുകളും നിക്ഷേപകരും ഒരുപോലെ കാണുകയും ഭാരതത്തിന്റെ ബഹിരാകാശ പര്യവേക്ഷണത്തിന്റെ നാഴികക്കല്ലായ നിമിഷത്തെക്കുറിച്ച് അഭിമാനിക്കുകയും, ഈ ദൗത്യത്തിന്റെ സാരഥികളായവരെ വാനോളം പുകഴ്ത്തുകയും ചെയ്തു.
റിപ്പോർട്ടുകൾ അനുസരിച്ച് ചന്ദ്രയാൻ 3 ചന്ദ്രനിൽ ഇറങ്ങുന്ന ഇസ്രോയുടെ യൂട്യൂബ് ചാനൽ വീഡിയോ “ഫുൾ മാച്ച്” എന്ന ശീർഷകത്തോടെ വന്ന 2022 ലെ ബ്രസീലും സൗത്ത് കൊറിയയും തമ്മിലുള്ള ലോകകപ്പ് മാമാങ്കത്തെ മറികടന്നിരിക്കുകയാണ്. ഈ മാച്ച് യൂട്യൂബിൽ കണ്ടത് 5,204,794നു മുകളിൽ പ്രേക്ഷകരാണ്.കഴിഞ്ഞ വർഷം ഡിസംബർ 6 നാണ് ഇത് സംപ്രേക്ഷണം നടന്നത്.
എന്നാൽ ചന്ദ്രയാൻ 3 യുടെ വിജയാഘോഷം ഇതിനും മുകളിൽ ആൾക്കാർ യൂട്യൂബ് വഴി വീക്ഷിച്ചതായാണ് റിപ്പോർട്ടുകൾ പറയുന്നത്.ഔദ്യോഗികമായ കണക്കുകൾ തുടർ ദിവസങ്ങളിൽ ലഭ്യമായേക്കും.