തിരുവനന്തപുരം: ഭിന്നശേഷിക്കുട്ടികള്‍ വീടുകളില്‍ പെരുമാറേണ്ടവിധം അനുഭവിച്ചുപഠിക്കാന്‍ ഒരുവീടുതന്നെയൊരുക്കി വ്യത്യസ്തമാവുകയാണ് ഡിഫറന്റ് ആര്‍ട് സെന്റര്‍. ബെഡ്‌റൂം, മോഡുലാര്‍ കിച്ചന്‍, ലിവിംഗ് റൂം, ബാത്ത്‌റൂം, ഡൈനിംഗ് ഹാള്‍ എന്നിവയടങ്ങുന്ന ഒരു മോഡല്‍വീടാണ് കുട്ടികള്‍ക്കായി ഒരുക്കിയിരിക്കുന്നത്. ദൈനംദിന ജീവിതചര്യകള്‍ പരസ്പരാശ്രയമില്ലാതെ സ്വതന്ത്രമായി ചെയ്യുവാനുള്ള പരിശീലനമാണ് ഇവിടെ നല്‍കുക. വീടിനോട് ചേര്‍ന്ന് ഒരു സൂപ്പര്‍മാര്‍ക്കറ്റും ഒരുക്കിയിട്ടുണ്ട്. വീട്ടിലേയ്ക്കാവശ്യമുള്ള സാധനങ്ങള്‍ സൂപ്പര്‍മാര്‍ക്കറ്റില്‍പോയി വാങ്ങി പരിചയിക്കുന്നതിനും സൗകര്യമുണ്ട്.
ജീവിതനൈപുണി വികസന പരിശീലന പദ്ധതിയായ ലൈവ് സ്‌കില്‍ മുന്‍ കേന്ദ്രസഹമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം ഉദ്ഘാടനം ചെയ്തു. സര്‍ഗപ്രതിഭകളായ ഭിന്നശേഷിക്കാരുടെ അത്ഭുതലോകമാണ് ഡിഫറന്റ് ആര്‍ട് സെന്ററെന്ന് ഉദ്ഘാടനത്തിനിടെ അല്‍ഫോണ്‍സ് കണ്ണന്താനം പറഞ്ഞു. അച്ഛനമ്മമാരുടെ തണലില്‍ നിന്നും സ്വതന്ത്രമായി പ്രവര്‍ത്തിക്കുവാന്‍ ഭിന്നശേഷിക്കാര്‍ക്ക് കഴിയത്തക്കവിധം മാറ്റം കൊണ്ടുവരാന്‍ ജീവിതനൈപുണി സ്‌കില്‍ പദ്ധതിക്ക് സാധിക്കുമെന്നും അത് മാതാപിതാക്കള്‍ക്ക് വലിയൊരാശ്വാസമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അസാപ്പ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ.ഉഷാ ടൈറ്റസ് അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ ഡിഫറന്റ് ആര്‍ട് സെന്റര്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഗോപിനാഥ് മുതുകാട്, കോര്‍പ്പറേറ്റ് റിലേഷന്‍ഷിപ്പ് മാനേജര്‍ മിനു.കെ എന്നിവര്‍ പങ്കെടുത്തു.
ചടങ്ങില്‍ ഡിഫറന്റ് ആര്‍ട് സെന്ററിന്റെ ആദരമായി അല്‍ഫോണ്‍സ് കണ്ണന്താനം, ഉഷാടൈറ്റസ് എന്നിവര്‍ക്ക് ഗോപിനാഥ് മുതുകാട് ഉപഹാരങ്ങള്‍ നല്‍കി. ഭിന്നശേഷി കുട്ടികളുടെ ജീവിത നിലവാരം ഉയര്‍ത്തുന്നതിനും സാമൂഹ്യ ഇടപെടലുകള്‍ക്ക് ശാസ്ത്രീയത കൈവരുത്തുന്നതിനുമായാണ് പദ്ധതി ആരംഭിക്കുന്നത്. മാതൃകാഗൃഹാന്തരീക്ഷത്തിന് പുറമെ കുട്ടികള്‍ക്ക് വിവിധ തൊഴില്‍പരിശീലനവും നല്‍കുന്നുണ്ട്.