കോഴിക്കോട്: കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ നിപ സംശയത്തിൽ കഴിയുന്ന 2 പേരുടെയും ആരോഗ്യ നില ഗുരുതരം. ഇപ്പോൾ മരുതോങ്കര സ്വദേശിയായ മരിച്ചയാളുടെ രണ്ട് മക്കളും ബന്ധുവുമാണ് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ളത്. ഇതിൽ 9 വയസുകാരന്‍റെ നില അതീവ ഗുരുതരമാണ്. വെറ്റിലേറ്ററിന്‍റെ സഹായത്തോടെയാണ് കുട്ടി കഴിയുന്നത്. 4വയസുള്ള കുട്ടിയുടെ നില ഗുരുതരമായി തുടരുന്നുണ്ടെങ്കിലും അതീവ ഗുരുതരമല്ല.
അതേസമയം, മരിച്ചയാളുടെ ബന്ധുവായ 25വയസുകാരന്റെ നില തൃപ്തികരമാണെന്നാണ് വിവരം. മരിച്ചയാളുടെ സമ്പർക്കത്തിലുള്ളവരെ കണ്ടെത്താനുള്ള ശ്രമങ്ങൾ തുടങ്ങിയിട്ടുണ്ട്. അതിനായി ഫീൽഡ് സർവ്വെ തുടങ്ങിയിരിക്കുകയാണ് ആരോഗ്യ വകുപ്പ്.
അതീവ ഗുരുതരമായി തുടരുന്ന കുട്ടിയുടെയും മരിച്ച രണ്ടാമത്തെ ആളുടെയും സ്രവ സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. പൂനെ വൈറോളജി ഇന്‍റസ്റ്റിറ്റ്യൂട്ടിൽ നിന്നുള്ള പരിശോധനാഫലം ഉച്ചയോടെ ലഭിച്ചേക്കും. ഫലം ലഭിച്ചതിനു ശേഷമേ നിപയാണെന്ന് പൂർണമായും സ്ഥിരീകരിക്കാനാകു.
രോഗബാധ സംശയിക്കുന്നവരുമായി സമ്പർക്കം പുലർത്തിയവരെ കണ്ടെത്താനുള്ള ശ്രമങ്ങൾ തുടങ്ങി. പരിശോധ ഫലത്തിൽ രോഗം സ്ഥിരീകരിച്ചാൽ നിപ പ്രോട്ടോകോൾ നടപടികൾ സ്വീകരിക്കും.കുറ്റ്യാടി, നാദാപുരം മണ്ഡലങ്ങളിൽപ്പെട്ട പ്രദേശങ്ങളിൽ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. ആയഞ്ചേരി, മരുതോങ്കര, ഭാഗങ്ങളിൽ പ്രാദേശിക അവധി പ്രഖ്യാപിച്ചു.