തിരുവനന്തപുരം: ഗതാഗത നിയമലംഘനങ്ങള്‍ കണ്ടെത്തി പിഴയീടാക്കാന്‍ സ്ഥാപിച്ച എ.ഐ കാമറയില്‍ കുടുങ്ങി പോലീസ് ജീപ്പുകളും. തിരുവനന്തുപരം ജില്ലയിലെ കാട്ടാക്കട, മലയിന്‍കീഴ് സ്റ്റേഷനുകളിലെ ജീപ്പുകളാണ് നിയമലംഘനത്തിന് കാമറയില്‍ കുടുങ്ങിയത്.
കാട്ടാക്കട സ്റ്റേഷനിലെ KL-01-CH 6897 ജീപ്പിന് ജൂണ്‍ 16നാണ് ഡ്രൈവറും കോ പാസഞ്ചറും സീറ്റ് ബല്‍റ്റ് ധരിക്കാത്തതിന് പിഴയിട്ടത്. മലയിന്‍കീഴ് സ്റ്റേഷനിലെ KL-01-BW 5623 ജീപ്പിന് ജൂണ്‍ 27നാണ് ഡ്രൈവറും കോ പാസഞ്ചറും സീറ്റ് ബല്‍റ്റ് ധരിക്കാത്തതിന് പിടിവീണത്. എന്നാല്‍് ഇതുവരെ ഇവര്‍ പെറ്റി അടച്ചതായി വിവരമില്ല.
ഹെല്‍മറ്റോ സീറ്റ് ബല്‍റ്റോ ഇടാതെ പോകുന്ന സാധാരണക്കാരനെ ഓടിച്ചിട്ട് പിടിച്ചായാലും പെറ്റി അടിക്കുന്ന പോലീസിന് തന്നെ പെറ്റി കിട്ടിയത് സേനക്ക് വലിയ നാണക്കേട് ആയിരിക്കുകയാണ്. ക്യാമറയ്ക്ക് വി.ഐ.പിയെന്നോ സാധാരണക്കാരന്‍ എന്നോ വേര്‍തിരിവ് ഉണ്ടാവില്ല, നിയമലംഘനം ആര് നടത്തിയാലും ക്യാമറ കണ്ണുകള്‍ അത് പിടിച്ചെടുക്കുമെന്നും പിഴ ഈടാക്കുമെന്നും എഐ ക്യാമറ ഉദ്ഘാടനത്തിന് മന്ത്രി ആന്റണി രാജു പറഞ്ഞിരുന്നു. അത് ശരിയാണെന്ന് തെളിയിച്ചിരിക്കുകയാണ് പുതിയ സംഭവം.