തിരുവനന്തപുരം: കലാപം കത്തിപ്പടർന്ന മണിപ്പൂരിൽ നിന്ന് കേരളത്തിലേക്ക് എത്തിയ കൊച്ചു മിടുക്കിക്ക് തിരുവനന്തപുരം ജില്ലാ അത്ലറ്റിക് മീറ്റിലെ 100 മീറ്റരിൽ രണ്ടാം സ്ഥാനം. മത്സരിച്ച രണ്ടിനങ്ങൾക്കും സമ്മാനം നേടി. തൈക്കാട് ഗവൺമെന്റ് മോഡൽ എൽ പി സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാർത്ഥിനിയായ ജെ ജെം ആണ് താരം.കൊഹ്നെജെം വാജ്‌പേയി എന്നാണ് യഥാർത്ഥ പേര്.
മണിപ്പൂരിലെ അതിർത്തി ജില്ലയായ മണിപ്പൂർ കലാപത്തിൽ കുക്കി വിഭാഗത്തിൽപ്പെട്ട ജെ ജിമ്മിന്റെ വീടിന് അക്രമികൾ തീയിട്ടു. എങ്ങോട്ട് പോകണമെന്ന് അറിയാതെ നിൽക്കുമ്പോഴാണ് അതേ ഗ്രാമക്കാരനും തിരുവനന്തപുരത്ത് ഉദ്യോഗസ്ഥനുമായ ലുമ്പി ചാങ് രക്ഷകനായി എത്തുന്നത്.
അദ്ദേഹം മണിപ്പൂരിൽ നിന്ന് കുടുംബത്തെ കേരളത്തിലേക്ക് കൊണ്ടുവന്നു, പഠിക്കാൻ മിടുക്കിയായ ജെ ജെമ്മിനെ തൈക്കാട് ഗവൺമെന്റ് മോഡൽ എൽ പി സ്കൂളിൽ ചേർത്തു. പ്രഥമാധ്യാപകൻ ഷാജിയുടെ നേതൃത്വത്തിൽ നിരവധി പ്രധാന പരിപാടികൾ സ്കൂളിൽ സംഘടിപ്പിക്കാറുണ്ട്.അതിലെല്ലാം ജേജെമ്മിനെയും ഇവർ പങ്കെടുപ്പിക്കാറുണ്ട്. പാളയം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ നടന്ന 67 മത് അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ അണ്ടർ 10 വിഭാഗത്തിലാണ് ജെജെം മത്സരിച്ചത്. 100 മീറ്റർ ഓട്ടത്തിൽ രണ്ടാം സ്ഥാനവും 4 × 50 റിലേയിൽ മൂന്നാം സ്ഥാനവും സ്വന്തമാക്കി. ഇത് രണ്ടാം ജന്മമാണെന്നും മകളുടെ നേട്ടത്തിൽ അതിയായ സന്തോഷമുണ്ടെന്നും കുടുബം പറഞ്ഞു. മംഗ്‌ദോയ് – അച്ചോയ് എന്നിവരാണ് ജെജെമ്മിന്റെ മാതാപിതാക്കൾ. ഇപ്പോൾ കവടിയാറിലാണ് ഇവർ താമസിക്കുന്നത്.