
ബെംഗളൂരു: കർണാടക ബന്ദിൽ വൻ പ്രതിഷേധം. കാവേരി തർക്കവുമായി ബന്ധപ്പെട്ട് കന്നഡ അനുകൂല സംഘടനകളാണ് ബന്ദ് നടത്തുന്നത്. വിവിധ കന്നഡ സംഘടനകളുടെ കൂട്ടായ്മയായ കന്നഡ ഒക്കൂട്ടയാണ് ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ബന്ദുമായി ബന്ധപ്പെട്ടുണ്ടായ പ്രതിഷേധത്തിൽ 50 ഓളം പേരെ പൊലീസ് അറസ്റ്റു ചെയ്തു.
ബന്ദിന്‍റെ പശ്ചാത്തലത്തിൽ മിക്ക സ്കൂളുകളും കോളേജുകളും ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്ഥാനത്തിന്‍റെ തെക്കൻ മേഖലയെയണ് ബന്ദ് കാര്യമായി ബാധിച്ചത്. കേന്ദ്രസേനയെ വിന്യസിച്ചാണ് ബംഗളുരുവിൽ സർക്കാർ ബന്ദിനെ നേരിടുന്നത്.
ബെംഗളൂരു രാജ്യാന്തര വിമാനത്താവളത്തിൽ 44 വിമാനങ്ങൾ റദ്ദാക്കി. കന്നഡരക്ഷണ വേദികെയുടെ നേതൃത്വത്തിൽ സംസ്ഥാനത്തുടനീളം പ്രതിഷേധപരിപാടികൾ നടക്കുകയാണ്.


