തിരുവനന്തപുരം: കൊച്ചിയില്‍ നടന്ന പതിനാറാമത് അന്താരാഷ്ട്ര സൈബര്‍ സുരക്ഷാ സമ്മേളനമായ കൊക്കൂണ്‍@16ൽ, യു. എസ്. ടിയുടെ ടീം ടാലോണ്‍ വിജയികളായി. ഹാക്കിംഗ് മത്സരമായ ഡോം സി.ടി.എഫില്‍ വിജയിച്ച കമ്പനിയുടെ ടീം അംഗങ്ങളായ ജിനീഷ് കുറിയേടത്ത്, സമീഹ് വാരിക്കുന്നത്ത് എന്നിവര്‍ ഒരു ലക്ഷം രൂപ സമ്മാനം നേടി. യു.എസ്.ടി ജീവനക്കാരായ ഡേവിസ് സോജനും മുഹമ്മദ് ഷൈനും ഉള്‍പ്പെട്ട ടീം നവംബര്‍_ ബ്രാവോ രണ്ടാം സമ്മാനം കരസ്ഥമാക്കി.
ഒക്ടോബർ 4 മുതൽ 7 വരെ കൊച്ചിയിലെ ഗ്രാൻഡ് ഹയാത്ത് കൺവെൻഷൻ സെന്ററിൽ കേരള പോലീസും ഇൻഫർമേഷൻ സെക്യൂരിറ്റി റിസർച്ച് അസോസിയേഷനും ചേർന്നാണ് കൊക്കൂണിന്റെ പതിനാറാമത് സമ്മേളനം സംഘടിപ്പിച്ചത്.
വ്യവസായ മന്ത്രി പി.രാജീവും ഐ.എസ്.ആര്‍.ഒ ചെയര്‍മാന്‍ എസ്.സോമനാഥും ചേര്‍ന്ന് പുരസ്‌ക്കാരങ്ങള്‍ വിതരണം ചെയ്തു. കൊക്കൂൺ സമ്മേളനത്തിന്റെ ഭാഗമായി കേരളാ പോലീസ് സൈബര്‍ഡോമും ബീഗിള്‍ സെക്യൂരിറ്റിയും സംയുക്തമായി നടത്തിയ ഹാക്കിംഗ് മത്സരമായ ഡോംസി.ടി.എഫില്‍ 24 മണിക്കൂറിനുള്ളില്‍ ജെഡികോര്‍പ്പ് എന്ന സാങ്കല്പിക കമ്പനിയുടെ ആപ്ലിക്കേഷനുകളും നെറ്റ് വര്‍ക്കുകളും ഹാക്ക് ചെയ്യുന്നതായിരുന്നു മത്സരം.
ടാലോണ്‍ ടീം ക്രിപ്റ്റോഗ്രഫി, ബ്ലോക്ക്ചെയിന്‍, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, മെഷീന്‍ ലേണിംഗ്, വെബ് ആപ്ലിക്കേഷനുകള്‍, സ്റ്റെനോഗ്രാഫി എന്നിവ ഉള്‍പ്പെടുന്ന 18 വെല്ലുവിളികള്‍ വിജയകരമായി പരിഹരിച്ചു, മൊത്തം സ്‌കോര്‍ 1600 നേടുകയും ചെയ്തു, ‘നവംബര്‍_ബ്രാവോ’ 17 വെല്ലുവിളികള്‍ വിജയകരമായി പരിഹരിച്ചു, മൊത്തം സ്‌കോര്‍ 1550.
‘സൈബര്‍ സുരക്ഷാ മേഖലയിലെ പ്രതിഭകളെ തിരിച്ചറിയുന്നതിനും വളര്‍ത്തിക്കൊണ്ടുവരുന്നതിനുമുള്ള പ്രധാന വേദിയാണ് ക്യാപ്ചര്‍ ദി ഫ്ലാഗ് (സിടിഎഫ്) മത്സരങ്ങളെന്ന് യു.എസ്.ടി ഇന്‍ഫര്‍മേഷന്‍ സെക്യൂരിറ്റി ആഗോള മേധാവി ആദര്‍ശ് നായര്‍ പറഞ്ഞു. ഞങ്ങളുടെ ഇന്‍ഫര്‍മേഷന്‍ സെക്യൂരിറ്റി ടീമിന്റെ ഈ നേട്ടം അര്‍പ്പണബോധം, പ്രതിബദ്ധത, കഴിവ് എന്നിവയുടെ മികച്ച ഉദാഹരണമാണ് എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
സൈബര്‍ സുരക്ഷാമേഖലയില്‍ താല്‍പര്യമുള്ള ഹാക്കര്‍മാര്‍ക്ക് കഴിവുകള്‍ പ്രകടിപ്പിക്കാനും ലോകമെമ്പാടും സൈബറിടങ്ങളില്‍ നടക്കുന്ന നുഴഞ്ഞുകയറ്റങ്ങള്‍ കണ്ടെത്തുന്നതിനും തടയുന്നതിനും നിയമപരമായി പ്രവര്‍ത്തിക്കുന്ന ഹാക്കര്‍മാരെ പ്രാപ്തരാക്കുന്നതിനുമാണ് ഡോംസി.ടി.എഫ് സംഘടിപ്പിച്ചത്. കേരള പോലീസും ഇന്‍ഫര്‍മേഷന്‍ സെക്യൂരിറ്റി റിസര്‍ച്ച് അസോസിയേഷനും (ഐ.എസ്.ആര്‍.എ) സംയുക്തമായി സംഘടിപ്പിച്ച കൊക്കൂണ്‍@16, രാജ്യത്തിന്റെ എല്ലാ മേഖലകളിലുമുള്ള സൈബര്‍ സുരക്ഷാ പ്രേമികളെയും വിദഗ്ധരെയും എത്തിക്കല്‍ ഹാക്കര്‍മാരെയും ആകര്‍ഷിച്ചു.