spot_imgspot_img

ചുറ്റുമുള്ളവരില്‍ ചിരി പടര്‍ത്താനാകുന്നത് സന്തോഷം; വിജയത്തിന് കുറുക്കുവഴികളില്ലെന്നും നിഹാരിക എന്‍.എം

Date:

ഷാര്‍ജ : മനുഷ്യ ജീവിതം നിരീക്ഷിച്ചതിലൂടെയാണ് ഇന്നത്തെ നിലയിലുള്ള കോമഡി കോണ്ടന്റ് ക്രിയേറ്ററായി തനിക്ക് വളരാന്‍ സാധിച്ചതെന്ന് ഇന്റര്‍നെറ്റ് സെന്‍സേഷന്‍ നിഹാരിക എന്‍.എം. ചുറ്റുമുള്ളവരില്‍ ചിരി പടര്‍ത്താനാവുകയെന്നതാണ് ഏറ്റവും വലിയ സന്തോഷമെന്നും അതില്‍ താന്‍ ഏറെ ആനന്ദം കണ്ടെത്തുന്നുവെന്നും അവര്‍ അഭിപ്രായപ്പെട്ടു. വിജയത്തിന് കുറുക്കുവഴികളില്ലെന്നും പ്രവര്‍ത്തിച്ചു കൊണ്ടേയിരിക്കുകയെന്നതാണ് തനിക്ക് നല്‍കാനുള്ള സന്ദേശമെന്നും അവര്‍ അഭിപ്രായപ്പെട്ടു.

നാല്‍പത്തി രണ്ടാം ഷാര്‍ജ രാജ്യാന്തര പുസ്തകോല്‍സവത്തില്‍ ബാള്‍ റൂമില്‍ ഒരുക്കിയ സംവാദത്തില്‍ പങ്കെടുക്കുകയായിരുന്നു അവര്‍. 19-ാം വയസില്‍ തന്നെ താൻ അമ്മ വേഷം ചെയ്തിരുന്നുവെന്ന് നിഹാരിക പറഞ്ഞു. എന്നാല്‍ തന്നെയും, ഒന്നിനു വേണ്ടിയും മറ്റൊന്നും മാറ്റിവെച്ചില്ല.

വിദ്യാഭ്യാസമാണ് പരമ പ്രധാനം. പ്രത്യേകിച്ചും, ഇന്നത്തെ കാലത്ത് പെണ്‍കുട്ടികള്‍ നല്ല വിദ്യാഭ്യാസം നേടണം. അതിലൂടെ അവര്‍ക്ക് ജീവിതത്തെ കുറിച്ച് നല്ല ബോധവും ബോധ്യവുമുണ്ടാകും. അസ്തിത്വവും വ്യക്തിത്വവുമുണ്ടാകുമെന്നും എഞ്ചിനീയറിംഗ് ബിരുദധാരി കൂടിയായ നിഹാരിക അഭിപ്രായപ്പെട്ടു.

പഠിക്കാനുള്ള സമയത്ത് കൃത്യമായി പഠിക്കുക. അതോടൊപ്പം തന്നെ, പാഷന്‍ എന്താണോ അത് പിന്തുടരുകയും ചെയ്യുക. അല്ലാതെ, പാഷന്‍ എന്നുവെച്ച് പഠനം ഉപേക്ഷിച്ച് ഇത്തരം കാര്യങ്ങളില്‍ ഏര്‍പ്പെടരുതെന്നാണ് ന്യൂജെന്‍ കുട്ടികള്‍ക്ക് തനിക്ക് നല്‍കാനുള്ള ഉപദേശമെന്നും അവര്‍ പറഞ്ഞു.

കോണ്ടന്റ് ക്രിയേഷനിലേക്ക് എത്തിയ വഴിയെ കുറിച്ചും അവര്‍ വിശദീകരിച്ചു. ഇന്ത്യയില്‍ ടിക്‌ടോക് നിരോധിച്ച സമയത്തായിരുന്നു കോണ്ടന്റ് ക്രിയേഷനില്‍ സജീവമായത്. കോളജ് വിദ്യാര്‍ത്ഥിനിയായിരിക്കുമ്പോള്‍ അഛനാണ് ക്യാമറ ഉപയോഗിക്കാന്‍ പരിശീലിപ്പിച്ചത്.

ആദ്യ കാലത്ത് ഓണ്‍ലൈനില്‍ പോസ്റ്റ് ചെയ്യുമ്പോള്‍ ധാരാളം മോശം കമന്റുകള്‍ ലഭിക്കാറുണ്ടായിരുന്നു. എന്നാല്‍, അതൊന്നും കാര്യമാക്കിയില്ല. പറയാനുള്ള കാര്യങ്ങള്‍ നേരെ ചൊവ്വേ സത്യസന്ധമായി പറഞ്ഞു. തമാശ പറയുമ്പോഴും ആത്മാര്‍ത്ഥത ചോര്‍ന്നു പോകാതിരിക്കാന്‍ ശ്രദ്ധിച്ചു.

കോണ്ടന്റ് ക്രിയേറ്റര്‍മാരെ സംബന്ധിച്ച പ്രധാന കാര്യം, ഒ.ടി.ടിയിലേക്ക് വരെ പ്രവേശനം കിട്ടിത്തുടങ്ങിയെന്നതാണ്. അതോടൊപ്പം തന്നെ, സാങ്കേതിക വിദ്യ വളര്‍ന്ന ആധുനിക കാലത്തെ ശരിക്കും നിരീക്ഷിച്ച് അതിനൊപ്പം സഞ്ചരിക്കാനാവണമെന്നതും. ഓരോ 5 സെക്കന്റ് കൂടുമ്പോള്‍ ഓണ്‍ലൈനിന്റെ സ്വഭാവ സവിശേഷതകള്‍, അഥവാ അല്‍ഗോരിതം, ട്രെന്‍ഡിംഗ് തുടങ്ങിയവ മാറിക്കൊണ്ടിരിക്കുന്നുണ്ട്. അത് മനസ്സിലാക്കി പ്രവര്‍ത്തിച്ച് മുന്നേറാനാകും. അതിനിടയ്ക്ക് ശ്രദ്ധിക്കേണ്ട മറ്റൊരു പ്രധാന കാര്യം, കോണ്ടന്റില്‍ മൗലികതയും ഒറിജിനാലിറ്റിയും പാലിക്കണമെന്നതാണ്. അതില്ലാത്ത ഉള്ളടക്കത്തിന് ആയുസ്സുണ്ടാവില്ല. നിലവാരവും പോകും.

‘ലിറ്റില്‍ ലൈക്, മോര്‍ ഹാര്‍ഡ്‌വര്‍ക്’ എന്നത് എപ്പോഴും മനസ്സിരുത്തേണ്ട കാര്യമാണ്. കുറച്ചൊക്കെ ഭാഗ്യമുണ്ടാവാം. എന്നാല്‍, കഠിനാധ്വാനമാണ് ഏറ്റവുമധികം വേണ്ടത്. ഒരു പ്രൊഫഷനോട് പാഷനൊക്കെ ആവാം. എന്നാലത്, സ്റ്റുപിഡ് ആയിക്കൂടാ. മറ്റു കാര്യങ്ങളില്‍ നിന്നെല്ലാം മാറി ‘ഇത് മാത്രം’ എന്ന ചിന്ത ഭരിക്കരുത്. ലൈക് ആയാലും തുക ആയാലും നമ്പറിന്റെ പിന്നാലെ പോകരുത്. പണത്തിന് അമിത പ്രാധാന്യം നല്‍കരുത്.

നിരവധി പ്രമുഖര്‍ക്കൊപ്പം പ്രവര്‍ത്തിക്കാനായത് ജീവിതത്തിലെ മഹാ ഭാഗ്യമായി കാണുന്നു. വിജയ് ദേവരകൊണ്ടെ, വിക്രം തുടങ്ങിയ താരങ്ങള്‍ ആ പട്ടികയില്‍പ്പെടുന്നു. സ്വപ്ന സാഫല്യമാണ് ആ വലിയ വ്യക്തിത്വങ്ങള്‍ക്കൊപ്പം നില്‍ക്കാനായ നിമിഷങ്ങള്‍. പ്രിയങ്ക ചോപ്രയുമായി ചേര്‍ന്ന് 15 മിനിറ്റ് വീഡിയോ ചെയ്തത് വലിയ അനുഭവമായിരുന്നു. പ്രിയങ്കയുടെ നല്ല പെരുമാറ്റം, അവരുടെ കോണ്‍ഫിഡെന്‍സ് അതെല്ലാം മനസ്സില്‍ അവരോടുള്ള ഇഷ്ടം കൂട്ടി.

വ്യൂസ് ഒരു മില്യനായപ്പോള്‍ എന്താണ് തോന്നിയത് എന്ന ചോദ്യത്തിന്, 999,999 വ്യൂസ് ആയപ്പോള്‍ 1000000 ആവാന്‍ നോക്കിയിരിക്കുകയായിരുന്നു താനെന്നും, തന്റെ വ്യൂ കൂടി ചേര്‍ത്ത് അത് 1 മില്യണ്‍ ആക്കിയാലോ എന്ന് ഒരുവേള ചിന്തിച്ചുവെന്നും എന്നാലതിന് തുനിഞ്ഞില്ലെന്നും നിഹാരിക മറുപടി നല്‍കി. വീട്ടിലെ പണികള്‍ക്കും ജോലി സമ്മര്‍ദങ്ങള്‍ക്കുമിടയ്ക്ക് നിഹാരികയുടെ പോസ്റ്റുകള്‍ കാണുമ്പോള്‍ മനസ് സന്തോഷിക്കാറുണ്ടെന്ന് ഒരു വീട്ടമ്മ സദസ്സില്‍ നിന്ന് പറഞ്ഞതിനോടും; നിഹാരികയെ മാതൃകയാക്കി ഓണ്‍ലൈനില്‍ സജീവമാകുന്നതില്‍ ഉപദേശങ്ങള്‍ തേടി ഒരു കുട്ടി സംസാരിച്ചതിനോടും അവര്‍ വികാരപരമായി പ്രതികരിച്ചു. ജോലികള്‍ തുടരുക. പാഷന്‍ മുന്നോട്ട് കൊണ്ടുപോവുക. ലൈക് നോക്കാതെ പ്രവൃത്തിയില്‍ വ്യാപരിക്കുക എന്നായിരുന്നു പ്രതികരണം.

നെറ്റ്ഫ്‌ളിക്‌സില്‍ ‘ബിഗ് മൗത്ത്’ എന്ന പ്രധാന സീരിയല്‍ നിഹാരികയുടേതായുണ്ട്. അതില്‍ അഭിനയിച്ചു തുടങ്ങിയിട്ടുമുണ്ട്.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

തമിഴ്നാട് ഗവര്‍ണര്‍ക്കെതിരെ സുപ്രീം കോടതി: ബില്ലുകള്‍ തടഞ്ഞുവെച്ചതു തെറ്റ്

തമിഴ്നാട് ഗവര്‍ണര്‍ ഡോ. ആര്‍ എന്‍ രവി, ബില്ലുകള്‍ തടഞ്ഞുവെച്ച ശേഷം...

വഖഫ് നിയമഭേദഗതിക്കെതിരെ യോജിച്ച പ്രക്ഷോഭം അനിവാര്യം – ഐ എൻ എൽ –

തിരുവനന്തപുരം:കേന്ദ്രമന്ത്രിസഭ പ്രാബല്യത്തിൽ കൊണ്ടുവന്നവഖഫ് നിയമഭേദഗതിക്കെതിരെ മുസ്ലിം ന്യൂനപക്ഷ പിന്നോക്ക ദളിത് മതേതര...

ഡിഫറന്റ് ആര്‍ട് സെന്ററിന് കേന്ദ്ര സാമൂഹ്യനീതി ശാക്തീകരണ പാര്‍ലമെന്ററി കമ്മിറ്റിയുടെ പ്രശംസ

തിരുവനന്തപുരം: ഭിന്നശേഷിക്കുട്ടികളുടെ സമഗ്രവികാസം ലക്ഷ്യമിട്ട് തിരുവനന്തപുരം കഴക്കൂട്ടത്ത് പ്രവര്‍ത്തിക്കുന്ന ഡിഫറന്റ് ആര്‍ട്...

തലച്ചോറിലെ കുഞ്ഞൻ രക്തക്കുഴലുകള്‍ സങ്കീര്‍ണമായി കെട്ടുപിണയുന്ന ‘മൊയമൊയ’ ഡിസോർഡർ; കിംസ്ഹെൽത്തിൽ പ്രൊസീജിയർ വിജയകരം

തിരുവനന്തപുരം. അപൂര്‍വ്വ രോഗാവസ്ഥയായ 'മൊയമൊയ' ബാധിതനായ മാലിദ്വീപ് സ്വദേശിയെ വിദഗ്ധ ചികിത്സയിലൂടെ...
Telegram
WhatsApp