ബെംഗളൂരു: സ്കൂളുകൾക്ക് ബോംബ് ഭീഷണി. ബെംഗളൂരുവിലെ 15 സ്വകാര്യ സ്കൂളുകളിലാണ് ബോംബ് ഭീഷണി സന്ദേശമെത്തിയത്. സംഭവത്തെ തുടർന്ന് വിദ്യാർത്ഥികളെയും ജീവനക്കാരെയും കെട്ടിടത്തിൽ നിന്ന് ഒഴിപ്പിച്ചു.
ഇന്നലെ അർധരാത്രിയാണ് ഭീഷണി സന്ദേശം വന്നത്. ഇ-മെയിൽ വഴിയാണ് വിവിധ ഭാഗങ്ങളിലുള്ള സ്കൂളുകളിൽ സന്ദേശം എത്തിയത്. ഇതേ തുടർന്ന് ചില സ്കൂൾ അധികൃതർ വിദ്യാർഥികളോട് ഇന്ന് സ്കൂളിൽ വരേണ്ടെന്ന് അറിയിപ്പ് നൽകി. സ്‌കൂളുകളിൽ ബോംബ് സ്‌ക്വാഡ് പരിശോധന നടത്തുകയാണ്. സ്കൂൾ അഡ്മിനിസ്ട്രേറ്റീവ് സ്റ്റാഫിനാണ് മെയിൽ എത്തിയത്.
സ്ഥാപനത്തിൽ സ്‌ഫോടകവസ്തുക്കൾ സ്ഥാപിച്ചിട്ടുണ്ടെന്നും ഏത് നിമിഷവും പൊട്ടിത്തെറിക്കാം എന്നുമാണ് ഭീഷണി. സന്ദേശങ്ങളുടെ ഉറവിടം തേടി പൊലീസ് അന്വേഷണം തുടങ്ങി. എന്നാൽ ഭീഷണി വ്യാജമാണെന്ന് കരുതുന്നുവെന്നും പരിശോധന ഉടൻ പൂർത്തിയാക്കുമെന്നും ആരും പരിഭ്രാന്തരാകരുതെന്ന് അഭ്യർത്ഥിക്കുന്നുവെന്നും ബെംഗളൂരു പോലീസ് കമ്മീഷണർ പറഞ്ഞു.