
പത്തനംതിട്ട: ശബരിമല തീർത്ഥാടനത്തിൽ ജനത്തിരക്ക് വർധിക്കുകയും നിരവധി വിമർശനങ്ങൾ ഉയർന്ന സാഹചര്യത്തിൽ ഇന്ന് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ അവലോകന യോഗം ചേർന്നിരുന്നു. ശബരിമലയിലെ തിരക്ക് സ്വഭാവികമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ശബരിമല തീർത്ഥാടനത്തിൽ തിരക്ക് വർധിച്ച സാഹചര്യത്തിൽ കൂടുതൽ ഏകോപിതമായ സംവിധാനങ്ങളൊരുക്കാനും മുഖ്യമന്ത്രി നിർദേശിച്ചു. എന്നാൽ തീർത്ഥാടകർക്ക് ദോഷമില്ലാത്ത തരത്തിൽ വേണം സംവിധാനങ്ങൾ ഒരുക്കാനെന്നും മുഖ്യമന്ത്രി ഓർമിപ്പിച്ചു.
ഇപ്പോൾ ഉയരുന്ന വിമർശനങ്ങൾ ദേശീയ തീർത്ഥാടകരെ പരിഭ്രാന്തിയിലാക്കാനുള്ള ശ്രമമാണ്. ശബരിമലയിൽ പതിവിനു വിപരീതമായി ഒന്നും സംഭവിച്ചിട്ടില്ല. സ്ത്രീകൾക്കും കുട്ടികൾക്കും ദര്‍ശനത്തിനായി ഒരുക്കിയിട്ടുള്ള സംവിധാനത്തിന് പ്രത്യേക ശ്രദ്ധ നൽകണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
അതെ സമയം ശബരിമലയിലെ തിരക്ക് നിയന്ത്രിക്കാനാകുന്നില്ലെന്നും ഭക്തർ മണിക്കൂറുകളോളം വരിയിൽ നിൽക്കുകയും അവർക്ക് ആവശ്യ വസ്തുക്കൾ പോലും നൽകുന്നില്ലെന്നും ആരോപിച്ച് പ്രതിപക്ഷ നേതാക്കൾ രംഗത്തെത്തിയിരുന്നു.







