പോത്തൻകോട്: 36 ദിവസം മാത്രം പ്രായമുള്ള നവജാത ശിശുവിനെ കാണാത്തതിനെ തുടർന്ന് പോലീസ് നടത്തിയ തിരച്ചിലിനൊടുവിൽ കുട്ടിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തെ പോലീസ് കസ്റ്റഡിയിലെടുത്ത മാതാവിനെ പോത്തൻകോട് പോലീസിൻ്റെ ചോദ്യം ചെയ്യൽ തുടരുന്നു. കുഞ്ഞിൻ്റെ അമ്മയും പോത്തൻകോട് വാവയമ്പലം മഞ്ഞമല സ്വദേശി സുരിതയെയാണ് പോത്തൻകോട് പൊലീസിൻ്റെ കസ്റ്റഡിയിലുള്ളത്. കുഞ്ഞിനെ കിണറ്റിൽ ഇട്ട് കൊലപ്പെടുത്തിയത് അമ്മ എന്ന നിഗമനത്തിലാണ് പോത്തൻകോട് പോലീസ്. ഇന്ന് രാവിലെ മൂന്നര മണിയോടെയാണ് വീടിന് പിന്നിലുള്ള കിണറ്റിൽ നിന്ന് കുഞ്ഞിനെ കണ്ടെത്തിയത്.
സുരിത കടുത്ത വിഷാദത്തിലാണെന്നും മാനസികനില തകരാറിലാണെന്നും പോലീസ് പറയുന്നു. സുരിതയെ പോലീസ് വിശദമായി ചോദ്യം ചെയ്യ്ത് വരികയാണ്. ഇന്ന് പുലർച്ചെ രണ്ട് മണിയോടെയാണ് സുരിത-സജി ദമ്പതികളുടെ 36 ദിവസം പ്രായമുള്ള മകൻ ശ്രീദേവിനെ കാണാതാകുന്നത്. സുരിതയുടെ മഞ്ഞമലയിലെ വീട്ടിലാണ് സംഭവം. അടുത്ത് കിടന്നു ഉറങ്ങിയിരുന്ന കുഞ്ഞിനെ കാണാതായ വിവരം സുരിത ഭർത്താവ് സജിയെ അറിയിക്കുകയായിരുന്നു. തുടർന്ന് സജിയും ബന്ധുക്കളും ചേർന്ന് പരിസരങ്ങളിൽ അന്വേഷിക്കുകയും പോത്തൻകോട് പൊലീസിൽ വിവരം അറിയിക്കുകയും ചെയ്തു. പോലീസ് സംഭവ സ്ഥലത്തെ നടത്തിയ അന്വേഷണത്തിൽ കുഞ്ഞിന്റെ ടവൽ വീടിന് പിന്നിലെ കിണറിന് മുകളിൽ നിന്ന് കണ്ടെത്തി. മൂന്ന് മണിയോടെ ഫയർ ഫോഴ്സ് സംഘം എത്തി നടത്തിയ തിരച്ചിലിൽ കിണറിൽ നിന്ന് കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തുകയും ചെയ്തു.
തുടർന്ന് പോലീസ് നടത്തിയ പ്രാഥമിക അന്വേഷണത്തിനിടെയാണ് മാതാവ് സുരിതയെ പൊലീസ് കസ്റ്റഡിയിൽ എടുത്തത്. പോലീസിൻ്റെ നടപടികൾക്ക് ശേഷം കുട്ടിയുടെ മൃതദേഹം മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് പോസ്റ്റ്മോർട്ടത്തിനായി മാറ്റിയിട്ടുണ്ട്. പോസ്റ്റ്മോർട്ടം നടപടികൾക്കുശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും. സംഭവത്തിൽ പോത്തൻകോട് പൊലീസ് കേസ്സ് രജിസ്റ്റർ ചെയ്യ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.