കോട്ടയം: പുതിയ അധ്യയനവർഷം ആരംഭിക്കുന്നതിന് ഒരുമാസം മുമ്പ് പഴയ സിലബസിലുള്ള പാഠപുസ്തകങ്ങളും രണ്ടാഴ്ച മുമ്പ് പുതിയ സിലബസിലുള്ള പാഠപുസ്തകങ്ങളും ലഭ്യമാക്കുമെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. 1, 3, 5, 7, 9 ക്ലാസുകളിൽ പുതിയ പാഠപുസ്തകങ്ങളും 2, 4, 6, 8, 10 ക്ലാസുകളിൽ പഴയ പാഠപുസ്തകങ്ങളുമാണ് ഈ അധ്യയനവർഷമെന്നും മന്ത്രി പറഞ്ഞു.
പൊതുവിദ്യാഭ്യാസമേഖലയിൽ സമഗ്ര പരിഷ്‌കരണമാണ് സർക്കാർ ലക്ഷ്യമിടുന്നത്. അതിന്റെ ഭാഗമായാണ് സിലബസ് അടക്കമുള്ളവ പരിഷ്‌കരിക്കുന്നത്. തീക്ഷ്ണമായ മുന്നേറ്റങ്ങളിലൂടെയാണ് സാർവത്രിക വിദ്യാഭ്യാസം സാധ്യമായത്. എല്ലാവരേയും ഉൾക്കൊള്ളുന്ന സാർവത്രിക വിദ്യാഭ്യാസമാണ് സർക്കാർ ലക്ഷ്യമിടുന്നത്. സ്‌കൂളുകളുടെ അടിസ്ഥാനസൗകര്യവികസനത്തിനുവേണ്ടി ആവുന്നത്ര സഹായം ചെയ്തുകൊടുക്കണമെന്നാണ് സർക്കാർ നിലപാടെന്നും മന്ത്രി പറഞ്ഞു.
ഇനി അക്കാദമിക നിലവാരം മെച്ചപ്പെടുത്തുന്ന നടപടികളാണ് സർക്കാർ ലക്ഷ്യമിടുന്നത്. ഏറ്റവും നന്നായി പഠിപ്പിക്കുന്ന അധ്യാപകർ ആരെന്നും ഏറ്റവും മോശമായി പഠിപ്പിക്കുന്ന അധ്യാപകർ ആരെന്നും അറിയണം. അധ്യാപനരീതിയിൽ മാറ്റങ്ങൾ വേണം. അധ്യാപകർക്ക് ഒരാഴ്ചനീളുന്ന പരിശീലനം സംഘടിപ്പിക്കാൻ തീരുമാനിച്ചിട്ടുണ്ട്. പരിശീലനത്തിൽ പങ്കെടുക്കാത്തത് ഉദ്യോഗപരമായ വീഴ്ചയായും കണക്കാക്കുമെന്നും മന്ത്രി പറഞ്ഞു.