
കഴക്കൂട്ടം: ദേശീയപാതയിൽ കഴക്കൂട്ടം സി.എസ്.ഐ ആശുപത്രിക്കടുത്ത് ആനയെ കയറ്റി വന്ന ലോറിക്കടിയിൽപ്പെട്ട് കരിച്ചാറ സ്വദേശിക്ക് ദാരുണാന്ത്യം.
നേരത്തെ പള്ളിപ്പുറം പായ്ചിറിയിൽ താമസിച്ചിരുന്ന കരിച്ചാറ പുളിമൂട്ടിൽ വീട്ടിൽ എം.എം. നസീർ (65) ആണ് മരിച്ചത്. ഇന്ന് രാവിലെ 9ഓടെ കഴക്കൂട്ടം മേൽപ്പാലം അവസാനിക്കുന്ന ഇറക്കം ഇറങ്ങി വരുമ്പോഴാണ് അപകടം. നസീർ ഭാര്യ ഷീജയെ കഴക്കുട്ടത്ത് വിട്ട ശേഷം തിരികെ ബൈക്കിൽ സർവീസ് റോഡിലൂടെ സി.എസ്.ഐ ആശുപത്രിയിൽ വഴി വീട്ടിലേക്ക് മടങ്ങുമ്പോഴാണ് കുത്തനെയുള്ള ഇറക്കമിറങ്ങി പിന്നാലെ വന്ന ലോറിക്കടിയിൽപ്പെട്ട് നസീറിന്റെ ജീവനെടുത്തത്. ബൈക്ക് ഒരു വശത്തേയ്ക്കു തെറിച്ചു വീണു. ഹെൽമറ്റ് ധരിച്ചിരുന്ന നസീറിന്റെ തലയിലൂടെ ചക്രം കയറിയിറങ്ങിയാണ് ദാരുണാന്ത്യമുണ്ടായത്.
അപകടത്തിന് ശേഷം ലോറി കുറെ ദൂരം മുന്നോട്ട് പോയാണ് നിർത്താനായത്. കൊല്ലം സ്വദേശിയായ ഡ്രൈവർക്കെതിരെ കഴക്കൂട്ടം പൊലീസ് മന:പൂർവം അല്ലാത്ത നരഹത്യയ്ക്ക് കേസ് എടുത്തു. വിഴിഞ്ഞത്തുള്ള ഒരു ക്ഷേത്രത്തിലുള്ള ഉത്സവം കഴിഞ്ഞ് ആനയെ കൊല്ലത്തേയ്ക്കു കൊണ്ടുപോകുകയായിരുന്നു. അപകടത്തിനിടയാക്കിയാ ലോറി പൊലീസ് കസ്റ്റഡിയിൽ എടുത്തു. ഭാര്യ ഷീജ, മക്കൾ: സക്കീന, ഹാറൂൺ


