തിരുവനന്തപുരം: തിരുവനന്തപുരം പട്ടം താണുപിള്ള ജില്ലാ ഹോമിയോ ആശുപത്രിയിൽ ഹോമിയോപ്പതി വന്ധ്യതാ ചികിത്സാ പദ്ധതി ജനനിയിലൂടെ സന്താന സൗഭാഗ്യം ലഭിച്ച മാതാപിതാക്കളും കുഞ്ഞുങ്ങളും ഒത്തുചേർന്നു. ഇവരുടെ കുടുംബസംഗമം പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി.ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു. അൻപതോളം കുഞ്ഞുങ്ങളും അവരുടെ മതാപിതാക്കളുമാണ് കുടുംബസംഗമത്തിൽ പങ്കെടുത്തത്.
വന്ധ്യതയുടെ സങ്കീർണ്ണതകളെ അഭിസംബോധന ചെയ്യുന്നതിനുള്ള സമഗ്രമായ സമീപനമായി ഹോമിയോപ്പതി, ചികിത്സാ രംഗത്തുണ്ടെന്ന് മന്ത്രി പറഞ്ഞു. പരമ്പരാഗത ചികിത്സകളിൽ നിന്ന് വ്യത്യസ്തമായി, വന്ധ്യതയുടെ വൈകാരികവും മാനസികവുമായ വശങ്ങളെ ഹോമിയോപ്പതി പരിഗണിക്കുന്നു. ഹോമിയോപ്പതി ചികിത്സകളുടെ സുരക്ഷ പ്രത്യേക ശ്രദ്ധയർഹിക്കുന്നുവെന്നും കുറഞ്ഞ പാർശ്വഫലങ്ങളോടെയും പ്രകൃതിദത്ത പദാർത്ഥങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ചും, ചില മരുന്നുകളുമായി ബന്ധപ്പെട്ട അപകടസാധ്യതകളില്ലാതെ ഫെർട്ടിലിറ്റി പരിഹാരങ്ങൾ തേടുന്ന ദമ്പതികൾക്ക് ഹോമിയോപ്പതി ഒരു ബദൽ മാർഗമാണെന്നും അദ്ദേഹം പറഞ്ഞു. വന്ധ്യതാ നിവാരണ ചികിത്സാ രംഗത്ത് അഭിമാനകരമായ നേട്ടവുമായി ഹോമിയോപ്പതി വകുപ്പ് മുന്നേറുകയാണെന്നും ജനനി പദ്ധതിയുടെ വിജയത്തിനായി വലിയ പിന്തുണയാണ് സർക്കാർ നൽകി വരുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.
2012 ൽ അമ്മയും കുഞ്ഞും എന്ന പേരിൽ കണ്ണൂരിലാണ് ആദ്യമായി ജനനി പദ്ധതി ആരംഭിച്ചത്. 2013ൽ തിരുവനന്തപുരത്തും കോഴിക്കോടും വന്ധത്യാ നിവാരണ ചികിത്സാപദ്ധതി തുടങ്ങി. വന്ധ്യതാ നിവാരണ ചികിത്സയിൽ ഹോമിയോപ്പതിയുടെ സാധ്യത തെളിയിക്കാൻ കഴിഞ്ഞതോടെ, സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ജില്ലാ ആശുപത്രികൾ അടിസ്ഥാനമാക്കി പദ്ധതി വ്യാപിപ്പിക്കുകയായിരുന്നു. തിരുവനന്തപുരം ജില്ലാ ഹോമിയോ ആശുപത്രിയിൽ തിങ്കൾ മുതൽ ശനി വരെ രാവിലെ 9 മുതൽ ഉച്ചയ്ക്ക് 2 മണി വരെ ജനനി യൂണിറ്റിന്റെ കീഴിൽ രണ്ട് ഒ.പികളാണ് പ്രവർത്തിക്കുന്നത്. ജില്ലാ ഹോമിയോ ആശപത്രിയിലെ ജനനി യൂണിറ്റിലൂടെ അഞ്ഞൂറിലധികം പേർക്ക് ഗർഭധാരണം സാധ്യമാക്കുകയും നാന്നൂറോളം ദമ്പതികൾക്ക് സന്താനഭാഗ്യം ലഭിക്കുകയും ചെയ്തു. നിലവിൽ ഗർഭാവസ്ഥയിലെ വിവിധ ഘട്ടങ്ങളിലായി ഏകദേശം 23 പേരാണ് തിരുവനന്തപുരം ജനനി യൂണിറ്റിലുള്ളത്.
കുടുംബസംഗമത്തോടൊപ്പം ആശുപത്രിയുടെ ഗോൾഡൻ ജൂബിലി ഹാളിന്റെ നിർമാണപ്രവർത്തനങ്ങളുടെ ഉദ്ഘാടനവും നാഷണൽ ആയുഷ് മിഷന്റെ ഒരു കോടി രൂപയുടെ ആശുപത്രി നവീകരണ പ്രവർത്തനങ്ങളുടെ ഭരണാനുമതി പ്രഖ്യാപനവും മന്ത്രി വി.ശിവൻകുട്ടി നിർവഹിച്ചു. സർക്കാർ പ്ലാൻ ഫണ്ടിൽ നിന്നും 62 ലക്ഷം രൂപ ചെലവഴിച്ചാണ് ഗോൾഡൻ ജൂബിലി ഹാൾ നവീകരിക്കുന്നത്.
തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി സുരേഷ്‌കുമാർ അധ്യക്ഷനായിരുന്നു. ഐ.ബി സതീഷ് എം.എൽ.എ വിശിഷ്ടാത്ഥി ആയിരുന്നു. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷൻ വിളപ്പിൽ രാധാകൃഷ്ണൻ, വാർഡ് കൗൺസിലർ ജാനകി അമ്മാൾ, ഹോമിയോപ്പതി വകുപ്പ് ഡയറക്ടർ ഡോ.എം.എൻ വിജയാംബിക, ജില്ലാ മെഡിക്കൽ ഓഫീസർ വി.കെ പ്രിയദർശിനി, ആശുപത്രി സൂപ്രണ്ട് ഡോ.അഗസ്റ്റിൻ എ.ജെ, ജനനി പദ്ധതി കൺവീനർ ഡോ.അഞ്ജന.എസ്.പിള്ള, നാഷണൽ ആയുഷ് മിഷൻ ഹോമിയോപ്പതി സ്റ്റേറ്റ് പ്രോഗ്രാം മാനേജർ ആർ.ജയനാരായണൻ, ആശുപത്രി ജീവനക്കാർ എന്നിവരും പങ്കെടുത്തു.