spot_imgspot_imgspot_img

ലെഗസി ഡമ്പ്‌സൈറ്റുകളുടെ ബയോമൈനിംഗിനായി 95.24 കോടി രൂപയുടെ കരാർ

Date:

തിരുവനന്തപുരം:  ബയോമൈനിംഗ് സാങ്കേതികവിദ്യ ഉപയോഗിച്ച് സംസ്ഥാനത്തെ 20 നഗരസഭകളിലെ ലെഗസി ഡമ്പ്‌സൈറ്റുകൾ നീക്കം ചെയ്യുന്നതിനായി നാഗ്പൂരിലെ കമ്പനിയുമായി 95.24 കോടി രൂപയുടെ കരാറിൽ സർക്കാർ ഒപ്പുവച്ചു. ലോക ബാങ്ക് സഹായത്തോടെ പ്രവർത്തിക്കുന്ന കേരള ഖരമാലിന്യ പരിപാലന പദ്ധതി (കെഎസ്ഡബ്ല്യുഎംപി) യുടെ ഭാഗമാണിത്. കെഎസ്ഡബ്ല്യുഎംപി ഓഫീസിൽ നടന്ന ചടങ്ങിൽ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷിന്റെ സാന്നിധ്യത്തിൽ കെഎസ്ഡബ്ല്യുഎംപി പ്രോജക്ട് ഡയറക്ടർ ഡോ.ദിവ്യ എസ് അയ്യരാണ് എസ്എംഎസ് ലിമിറ്റഡുമായി കരാർ ഒപ്പുവച്ചത്.

മാലിന്യമുക്തം നവകേരളം എന്ന ലക്ഷ്യത്തിലേക്കുള്ള നിർണായക ചുവടുവയ്പാണിതെന്ന് മന്ത്രി പറഞ്ഞു. പദ്ധതി യാഥാർഥ്യമാകുന്നതോടെ മാലിന്യക്കൂനകൾ ഇല്ലാതാകുമെന്നു മാത്രമല്ല കേരളത്തിലെ നഗരങ്ങളിലെ 60 ഏക്കറിൽപരം ഭുമി വീണ്ടെടുത്ത് ശുചിത്വ പ്രവർത്തനങ്ങൾക്കായി വിനിയോഗിക്കാനുമാകുമെന്ന് മന്ത്രി പറഞ്ഞു.

ബയോമൈനിംഗ് സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തുന്നതിലൂടെ മാലിന്യം ശാസ്ത്രീയവും സുസ്ഥിരവുമായ രീതിയിൽ നീക്കം ചെയ്യാനാകുന്നുവെന്നതാണ് പ്രത്യേകതയെന്നും കെഎസ്ഡബ്ല്യുഎംപിയുടെ മാലിന്യ നിർമ്മാർജ്ജന പ്രവർത്തനത്തിൽ നാഴികക്കല്ലാണിതെന്നും ഡോ.ദിവ്യ എസ് അയ്യർ പറഞ്ഞു.എസ്എംഎസ് ലിമിറ്റഡ് ഡയറക്ടർ ആസിഫ് ഹുസൈൻ കമ്പനിയെ പ്രതിനിധീകരിച്ച് ചടങ്ങിൽ പങ്കെടുത്തു.

കൊട്ടാരക്കര, കായംകുളം, കൂത്താട്ടുകുളം, കോതമംഗലം, മൂവാറ്റുപുഴ, വടക്കൻപറവൂർ, കളമശ്ശേരി, വടകര, കൽപ്പറ്റ, ഇരിട്ടി, കൂത്തുപറമ്പ്, കാസർഗോഡ്, മാവേലിക്കര, കോട്ടയം, ചാലക്കുടി, കുന്നംകുളം, വടക്കാഞ്ചേരി, പാലക്കാട്, മലപ്പുറം, മഞ്ചേരി നഗരസഭകളിലാണ് പദ്ധതി നടപ്പാക്കുക. ഒരു വർഷത്തിനുള്ളിൽ പദ്ധതി പൂർത്തീകരിക്കും. 95.24 കോടി രൂപയാണ് പദ്ധതിച്ചെലവ്. പദ്ധതി പൂർത്തിയാകുന്നതോടെ 60 ഏക്കറിൽപരം ഭൂമി വീണ്ടെടുക്കാൻ സാധിക്കുകയും ആ പ്രദേശത്തെ നാഷണൽ ഗ്രീൻ ട്രൈബ്യൂണലിന്റെ മാനദണ്ഡപ്രകാരമുള്ള ആവശ്യങ്ങൾക്കായി ഉപയോഗിക്കാനും സാധിക്കും. 20 ലെഗസി ഡമ്പ്‌സൈറ്റുകളിലായി 5.60 ലക്ഷം ക്യുബിക് മീറ്റർ മാലിന്യമുണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഇത് നിരവധി പാരിസ്ഥിതിക, ആരോഗ്യപ്രശ്‌നങ്ങൾക്ക് കാരണമാകുന്നുണ്ട്.

കേന്ദ്രമലിനീകരണ നിയന്ത്രണ ബോർഡിന്റെ മാർഗനിർദ്ദേശപ്രകാരം ബയോമൈനിംഗ് സമയത്ത് പുറത്തുവരുന്ന വസ്തുക്കൾ സുരക്ഷിതമായി നീക്കം ചെയ്യും. ഇവയെ മണ്ണ്, കമ്പോസ്റ്റ്, മെറ്റൽ, പ്ലാസ്റ്റിക്ക്, തുണി, തുകൽ, കെട്ടിടനിർമാണ അവശിഷ്ടങ്ങൾ, ഗ്ലാസ് എന്നിവ പുനഃചംക്രമണത്തിനും മറ്റ് നിഷ്ക്രിയവസ്തുക്കൾ ലാൻഡ് ഫില്ലിംഗിനും റോഡ് നിർമാണത്തിനും ഉപയോഗിക്കും. പ്ലാസ്റ്റിക്കും മറ്റ് കത്തുന്ന വസ്തുക്കളും സിമന്റ് ഫാക്ടറികളിൽ ഇന്ധനമായി ഉപയോഗിക്കാനും സാധിക്കും.

ഖരമാലിന്യ പരിപാലനവുമായി ബന്ധപ്പെട്ട് നഗരസഭകൾ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾക്ക് ശാശ്വതപരിഹാരം കാണുന്നതിനാണ് ലോക ബാങ്കിന്റേയും ഏഷ്യൻ ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെന്റ് ബാങ്കിന്റേയും ധനസഹായത്തോടെ സംസ്ഥാന സർക്കാർ കേരള ഖരമാലിന്യ പരിപാലനപദ്ധതി ആവിഷ്ക്കരിച്ചിട്ടുള്ളത്. 2400 കോടി രൂപയുടെ ഈ പദ്ധതിയിലൂടെ അത്യാധുനികവും ശാസ്ത്രീയവുമായ ലോകോത്തര മാലിന്യ പരിപാലന സംവിധാനങ്ങളാണ് സംസ്ഥാനത്തെ മുഴുവൻ നഗരസഭകൾക്കും സാധ്യമാകുക.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

പകൽ സംഭരിക്കും, രാത്രി വെളിച്ചമേകും! അണ്ടൂർക്കോണം സബ്സ്റ്റേഷനിൽ മന്ത്രി സണ്ണിജോസഫ് സന്ദർശിച്ചു

ഊർജ്ജമേഖലയിൽ വൻ കുതിച്ചുചാട്ടം: അണ്ടൂർക്കോണം ബാറ്ററി സ്റ്റോറേജ് പദ്ധതി നിർമ്മാണം വൈദ്യുതി...

മന്ത്രിയുടെ മിന്നൽ ഇടപെടൽ: കുളങ്ങൾക്ക് ശാപമോഷം

കഴക്കൂട്ടം: അണ്ടൂർക്കോണം ഗ്രാമപഞ്ചായത്തിലെ വിശ്വാസ സമൂഹത്തിന്റെയും നീണ്ട നാളത്തെ ആവശ്യമായിരുന്നു തോന്നൽ...

അലൻ ഫെൽഡ്മാൻ സ്‌കൂൾ മാനേജ്‌മെന്റ് ഫെസ്റ്റ് സംഘടിപ്പിച്ചു

കഴക്കൂട്ടം: കഴക്കൂട്ടം അലൻ ഫെൽഡ്മാൻ പബ്ലിക് സ്‌കൂൾ സംഘടിപ്പിച്ച ആറാമത് മാനേജ്‌മെന്റ്...

കഠിനംകുളത്ത്  ​എം.ഡി.എം.എയുമായി പിടിലായ പ്രതി പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞു; തിരിച്ചിൽ ഊർജ്ജിതമാക്കി

കഠിനംകുളത്ത്  ​എം.ഡി.എം.എയുമായി പിടിലായ പ്രതി പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞു; തിരിച്ചിൽ ഊർജ്ജിതമാക്കി   കഴക്കൂട്ടം: കഠിനംകുളത്ത്...
Telegram
WhatsApp