തൃശൂർ: ബി ജെ പി സ്ഥാനാർഥി സുരേഷ് ഗോപിയെ വീട്ടിലേക്ക് സ്വാഗതം ചെയ്ത് കലാമണ്ഡലം ഗോപി. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് കലാമണ്ഡലം ഗോപിയുടെ പ്രതികരണം. വീട്ടിലേക്ക് വരാനോ കാണാനോ ആരുടെയും അനുവാദം നോക്കണ്ടെന്നും കലാമണ്ഡലം ഗോപി പോസ്റ്റിൽ കുറിച്ചു.
സുരേഷ് ഗോപിയും താനും വളരെക്കാലമായി സ്നേഹബന്ധം പുലർത്തിപ്പോരുന്നവരാണെന്ന് അദ്ദേഹം പറഞ്ഞു. തന്നെ സ്നേഹിക്കുന്നവർക്ക് തന്നെ കാണാൻ എപ്പോഴും വരാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കലാമണ്ഡലം ഗോപിയെ സ്വാധീനിക്കാൻ ശ്രമിച്ചുവെന്ന് മകൻ നേരത്തെ ആരോപിച്ചിരുന്നു. കലാമണ്ഡലം ഗോപിയുടെ മകൻ പങ്കുവെച്ച ഫേസ്ബുക്ക് പോസ്റ്റ് വിവാദമായതോടെ അദ്ദേഹം അത് പിൻവലിച്ചിരുന്നു. തുടർന്നാണ് കലാമണ്ഡലം ഗോപിയുടെ പ്രതികരണം.