തിരുവനന്തപുരം: അരുണാചല്‍ പ്രദേശില്‍ ദുരൂഹസാഹചര്യത്തില്‍ മലയാളികള്‍ മരിച്ച സംഭവത്തില്‍ ബ്ലാക്ക് മാജിക്കുമായി ബന്ധപ്പെട്ടുള്ള കൂടുതൽ വിവരങ്ങൾ പുറത്തു. നവീന്റെ ഉപേക്ഷിക്കപ്പെട്ട കാറില്‍ നിന്നാണ് ഇതുമായി ബന്ധപ്പെട്ട തെളിവുകള്‍ കണ്ടെത്തിയത്. കൂടാതെ ഇവരുടെ മെയിലുകളിൽ നിന്നും കൂടുതൽ വിവരങ്ങൾ ഇവർക്ക് ലഭിച്ചിട്ടുണ്ട്.
നവീന്‍റെ കാറില്‍ നിന്ന് പൊലീസ് പ്രത്യേകതരത്തിലുള്ള കല്ലുകളും ചിത്രങ്ങളും കണ്ടെടുത്തു. ഈ കല്ലുകൾ ആര്യയും നവീനും തമ്മിലുള്ള ഇമെയിലിൽ പരാമര്ശിച്ചിട്ടുള്ളതാണെന്നാണ് പോലീസ് പറയുന്നത്. ‘ഡോൺബോസ്കോ’ എന്ന വിലാസത്തില്‍ നിന്നാണ് ആര്യക്ക് മെയിൽ വന്നിരുന്നത്. ഈ മെയിലുകളിലാണ് ബ്ലാക്ക് മാജിക്കിനെ പറ്റി കൂടുതൽ പറഞ്ഞിരിക്കുന്നത്. മാത്രമല്ല അന്യഗ്രഹ ജീവികളുമായി ബന്ധപ്പെട്ട വെബ്‌സൈറ്റുകളും പുസ്തകങ്ങളും മൂന്നുപേരും വായിക്കുകയും പരസ്പരം വിവരങ്ങള്‍ കൈമാറുകയും ചെയ്തിരുന്നുവെന്നും പോലീസിന്റെ റിപ്പോർട്ടിൽ പറയുന്നു.
അതെ സമയം മരിച്ച ദേവി ഇതിനു മുൻപും ദുർമന്ത്രവാദവുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചിരുന്നുവെന്നാണ് അറിയുന്നത്. ഇവർ ദുർമന്ത്രവാദവുമായി ബന്ധപ്പെട്ട സംഘങ്ങളുമായി ചേർന്ന് പ്രവർത്തിച്ചിരുന്നതായും അത് വിലക്കിയിരുന്നതായും ദേവിയുടെ അച്ഛൻ പോലീസിനോട് പറഞ്ഞു. ദമ്പതികളായ നവീന്‍, ഭാര്യ ദേവി, സുഹൃത്ത് ആര്യ എന്നിവരെയാണ് അരുണാചല്‍പ്രദേശിലെ ഹോട്ടല്‍ മുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്.