തിരുവനന്തപുരം: തിരുവനന്തപുരത്ത് ട്രെയിനിൽ ഉയർന്ന നിരക്കിൽ വിൽക്കാൻ കൊണ്ടു വന്ന 42 കുപ്പി ഇന്ത്യൻ നിർമ്മിത ഗോവൻ മദ്യം പിടികൂടി. ഗാന്ധിധാo- തിരുനെൽവേലി എക്സ്പ്രെസ്സിന്റെ എ.സി കോച്ചിൽ നിന്നുമാണ് 42 കുപ്പി (750 മില്ലി) ഇന്ത്യൻ നിർമ്മിത ഗോവൻ മദ്യം കണ്ടെത്തിയത്.
തിരുവനന്തപുരം സെൻട്രൽ ആർപിഎഫ് ഇൻസ്‌പെക്ടർ അജിത് കുമാറിനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ സബ് ഇൻസ്പെക്ടർ എം അനിൽ കുമാർ, എം ടി ജോസ്, മറ്റു സ്പെഷ്യൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ആർ. പി. എഫ് ഉദ്യോഗസ്ഥരും ചേർന്ന് നടത്തിയ മിന്നൽ പരിശോധനയിലാണ് റാംജി മഹേശ്വരി എന്ന കരാരുകാരനിൽ നിന്നും 33600 രൂപയുടെ മദ്യം പിടികൂടിയത്.
ഇയാൾ ട്രെയിനിൽ ബെഡ്‌റോൾ സ്റ്റാഫായി ജോലി ചെയ്യുന്ന വ്യക്തിയാണ്. മഡ്ഗാവിൽ നിന്ന് നികുതി രഹിത വിലയ്ക്ക് മദ്യക്കുപ്പികൾ വാങ്ങി തൻ്റെ സാമ്പത്തിക നേട്ടങ്ങൾക്കായി അത് ട്രെയിനിൽ ഉയർന്ന നിരക്കിൽ വിൽക്കാനാണ് ഇയാൾ മദ്യം കൊണ്ടുവന്നത്. സംഭവത്തിൽ ഇയാളെ ആർപിഎഫ് നിയമത്തിൻ്റെ സെക്ഷൻ 12 പ്രകാരം അറസ്റ്റ് ചെയ്യുകയും തുടർ നിയമനടപടികൾക്കായി തിരുവനന്തപുരം എക്സൈസ് റേഞ്ച് എക്സൈസ് ഇൻസ്പെക്ടർക്ക് കൈമാറുകയും ചെയ്തു.