വയനാട്: വയനാട്ടിലെ ജനങ്ങളെ വീണ്ടും പരിഭ്രാന്തിയിലാക്കി ഭുമുക്കടിയിൽ നിന്ന് മുഴക്കം. വയനാട്ടിലും കോഴിക്കോട്ടുമാണ് ഭൂമിക്കടിയില്‍ നിന്ന് മുഴക്കം ഉണ്ടായത്. എന്നാൽ വയനാട്ടിലുണ്ടായത് ഭൂചലനമല്ലെന്ന് സ്ഥിരീകരിച്ചിരിക്കുകയാണ്. അതെ സമയം പ്രദേശവാസികൾ പറയുന്നത് ഭൂമിക്കടിയിൽ നിന്ന് വലിയ മുഴക്കവും പ്രകമ്പനവും നേരിയ കുലുക്കവും അനുഭവപ്പെട്ടുവെന്നാണ്.
വയനാട്ടിലെ വൈത്തിരി, പൊഴുതന, വെങ്ങപ്പള്ളി, നെൻമേനി, അമ്പലവയൽ പഞ്ചായത്തുകളിലെ പ്രദേശങ്ങളിലും കോഴിക്കോട് ജില്ലയിലെ കൂടരഞ്ഞി പ്രദേശത്തുമാണ് ഭൂമിക്കടിയിൽ നിന്ന് മുഴക്കം കേട്ടത്. രാവിലെ 10 മണിയോടെയാണ് സംഭവം നടന്നത്. അതെ സമയം ഭൂകമ്പമാപിനിയിൽ ഭൂചലനം രേഖപ്പെടുത്തിയിട്ടില്ലെന്ന് നാഷണല്‍ സീസ്മോളജിക് സെന്‍റര്‍ അറിയിച്ചു.
വിവരമറിഞ്ഞ് ജനം പരിഭ്രാന്തിയിലാണ്. പ്രകമ്പനം ഉണ്ടായെന്ന് പറയുന്ന വിവിധ പ്രദേശങ്ങളില്‍ പരിശോധന തുടരുകയാണ്. ഇതേ തുടര്‍ന്ന് പ്രദേശങ്ങളിലെ ജനവാസ മേഖലയില്‍ നിന്നും ആളുകളെ മാറ്റിതാമസിപ്പിച്ചുവെന്ന് വയനാട് ജില്ല കളക്ടർ അറിയിച്ചു.
അമ്പലവയല്‍ വില്ലേജിലെ ആര്‍.എ.ആര്‍.എസ്, മാങ്കോമ്പ്, നെന്മേനി വില്ലേജിലെ അമ്പുകുത്തി മാളിക, പടിപറമ്പ്, വൈത്തിരി താലൂക്കിലെ സുഗന്ധഗിരി, അച്ചൂരാന്‍ വില്ലേജിലെ സേട്ടുകുന്ന്, വെങ്ങപ്പള്ളി വില്ലേജിലെ കാരാറ്റപിടി, മൈലാടിപ്പടി, ചോലപ്പുറം, തൈക്കുംതറ ഭാഗങ്ങളിലാണ് ഭൂമിക്കടിയില്‍ നിന്നും ശബ്ദവും മുഴക്കവും അനുഭവപ്പെട്ടതായി ജില്ലാ അടിയന്തകാര്യ നിര്‍വഹണ വിഭാഗം അറിയിച്ചു. പ്രദേശങ്ങലിലെ ആളുകളെ സുരക്ഷിതമാക്കി മാറ്റുന്നതിനുള്ള നടപടികള്‍ ജില്ലാ ഭരണകൂടം സ്വീകരിച്ചതായി ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീ അറിയിച്ചു.