തിരുവനന്തപുരം: കേരളീയരായ പ്രവാസിവനിതകളുടെ പരാതികളും പ്രശ്‌നങ്ങളും പരിഹരിക്കുന്നതിനുളള നോർക്ക റൂട്ട്‌സിന്റെ ഏകജാലകസംവിധാനമാണ് എൻ.ആർ.കെ വനിതാസെൽ. ദുരിതമനുഭവിക്കുന്ന സ്ത്രീകൾക്കോ അവരുടെ പ്രതിനിധികൾക്കോ നോർക്ക വനിതാ സെൽ ഹെൽപ്പ്‌ലൈനുമായി 24 മണിക്കൂറും ബന്ധപ്പെടാം. നോർക്ക ഗ്ലോബൽ കോൺടാക്ട് സെന്ററിന്റെ ടോൾ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയിൽ നിന്നും) +91-8802012345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോൾ സർവ്വീസ്) എന്നിവയിലൂടെയും womencell.norka@kerala.gov.in എന്ന ഇ-മെയിൽ ഐ.ഡി മുഖേനയും പരാതികൾ അറിയാക്കാവുന്നതാണ്. ഇതോടൊപ്പം ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ, നോർക്ക റൂട്ട്സ്, തൈക്കാട്, തിരുവനന്തപുരം എന്ന വിലാസത്തിൽ തപാലായും പരാതികൾ കൈമാറാം. പരാതിക്കാരുടെ സ്വകാര്യത ഉറപ്പാക്കുന്നതിനും സംവിധാനമുണ്ട്.
വിസ, പാസ്പോർട്ട് സംബന്ധമായ പ്രശ്നങ്ങൾ, നാട്ടിലേക്ക് മടങ്ങൽ, തൊഴിൽ കരാർലംഘനങ്ങൾ, വേതനം സംബന്ധിച്ച തർക്കങ്ങൾ തുടങ്ങിയ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തുന്നതിനാണ് സെൽ രൂപീകരിച്ചിരിക്കുന്നത്. വനിതകൾക്ക് സുരക്ഷിതവും നിയമപരവുമായ വിദേശ തൊഴിൽ കുടിയേറ്റത്തിനുളള മാർഗ്ഗനിർദ്ദേശങ്ങൾ ലഭ്യമാക്കുക, അവകാശങ്ങളെയും ഉത്തരവാദിത്തങ്ങളെയും കുറിച്ച് അവബോധം വളർത്തുക, പരാതികൾ ഫലപ്രദമായി കൈകാര്യം ചെയ്യുക എന്നിവയാണ് വനിതാസെല്ലിന്റെ പ്രധാന ലക്ഷ്യങ്ങൾ. പ്രവാസിവനിതകളുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങൾ സർക്കാറിന്റെ ശ്രദ്ധയിൽ കൊണ്ടുവരുന്നതിനും വനിതാസെൽ പ്രതിജ്ഞാബദ്ധമാണ്.