തിരുവനന്തപുരം: ഇന്ന് പൊന്നിൻ ചിങ്ങം. പഞ്ഞ മാസമായ കർക്കിടകത്തിന് വിട പറഞ്ഞ് പ്രത്യാശയുടെ മാസമായ ചിങ്ങത്തിലേക്ക് കാൽ എടുത്ത് വച്ചിരിക്കുകയാണ് മലയാളികൾ. ചിങ്ങം ഒന്ന് കർഷക ദിനം ആയിട്ട് കൂടിയാണ് മലയാളികൾ ആഘോഷിക്കുന്നത്.
സമ്പല്‍സമൃദ്ധിയുടേയും പങ്കുവെക്കലുകളുടേയും ഉത്സവകാലത്തിന്‍റെ തുടക്കം കൂടിയാണ് ഈ ദിനം. ക്ഷേത്രങ്ങളില്‍ ഇന്ന് പ്രത്യേക പൂജകള്‍ നടക്കും. ചിങ്ങ മാസത്തെ മലയാള ഭാഷാ മാസം എന്നും ഈ ദിവസം അറിയപ്പെടുന്നു.
കൊല്ലവർഷത്തിലെ പ്രഥമ മാസമാണ് ചിങ്ങം.സൂര്യൻ ചിങ്ങം രാശിയിലൂടെ സഞ്ചരിക്കുന്ന സമയമാണ് ചിങ്ങമാസം. മലയാളികളുടെ പ്രിയങ്കരമായ ഉത്സവമായ ഓണം ചിങ്ങമാസക്കാലത്താണ്. കൊയ്ത്താണ് ചിങ്ങമാസത്തിലെ പ്രധാന വിശേഷം. അതിനാൽ തന്നെ പഴമക്കാരെ സംബന്ധിച്ച് ചിങ്ങമാസം സമ്പന്നതയുടെ മാസമായിരുന്നു.