തിരുവനന്തപുരം: നിരവധി മോഷണ കേസുകളിലെ പ്രതിയെ കഠിനംകുളം പോലീസ് പിടികൂടി. പെരുമാതുറ സ്വദേശി ഷാനുവാണ് (30) പിടിയിലായത്. പെരുമാതുറയും പരിസര പ്രദേശങ്ങളും കേന്ദ്രീകരിച്ച് മോഷണം, പിടിച്ചുപറി, മയക്ക് മരുന്ന് കച്ചവടം ഉൾപ്പെടെ നടത്തി വരുന്ന ആളാണ് ഷാനു. ഒരു ക്രിമിനൽ കേസിൽ ഒളിവിൽ കഴിയവേയാണ് ഷാനു കഠിനംകുളം പോലീസിന്റെ പിടിയിലായത്.
കഠിനംകുളം പോലീസ് ഇൻസ്പെക്ടർ സാജൻ, സി പി ഒ ഹാഷിം എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്. പെരുമാതുറയിലും പരിസര പ്രദേശങ്ങളിലും ആയുധങ്ങളുമായെത്തി ഭീകാരന്തരീക്ഷം സൃഷ്ടിക്കുന്നത് പ്രതിയുടെ സ്ഥിരം രീതിയാണെന്നും 10 ഓളം ക്രിമിനൽ ക്രിമിനൽ കേസുകളിൽ പ്രതിയാണ് ഇയാളെന്നും പോലീസ് ഇൻസ്പെക്ടർ സാജൻ പറഞ്ഞു.
വർഷങ്ങൾക്ക് മുൻപ് കഴക്കൂട്ടം റെയിൽവേ മേൾപ്പാലത്തിന് സമീപം വെച്ച് വീട്ടമ്മയുടെ തലയിൽ ബിയർ കുപ്പി കൊണ്ട് അടിച്ച ശേഷം സ്വർണമാല കവർന്ന കേസിലും ഷാനു പ്രതിയാണ്. കൂടാതെ പ്രദേശത്ത് മയക്ക് മരുന്ന് കച്ചവടം നടത്തി വരുന്നതായും പോലീസ് പറഞ്ഞു.
പെരുമാതുറ കേന്ദ്രീകരിച്ച് മയക്ക് മരുന്ന് വിതരണം ചെയ്യുന്ന സംഘത്തിലെ പ്രധാനിയാണ് പിടിയിലായ ഷാനു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.