തിരുവനന്തപുരം: ഇന്നലെ തിരുവനന്തപുരം പാപ്പനംകോട്ടുള്ള ഇൻഷുറൻസ് കമ്പനിയിൽ ഉണ്ടായ തീപിടുത്തം അപകടമല്ലെന്നും അത് കൊലപാതകമാണെന്ന നിഗമനത്തിൽ പോലീസ്. സ്ഥാപനത്തിലെ ജീവനക്കാരി വൈഷ്ണയും വേറെ ഒരാളുമാണ് കൊല്ലപ്പെട്ടത്.
വൈഷ്ണയുടെ ആൺസുഹൃത്ത് ബിനുവിന്റെ മൃതദേഹമാണ് കെട്ടിടത്തിൽ നിന്ന് ലഭിച്ചതെന്നാണ് പ്രാഥമിക നിഗമനം. ഇതിനായി ഡി എൻ എ ടെസ്റ്റ് നടത്താൻ ഒരുങ്ങുകയാണ് പോലീസ്. മരിച്ച ഇൻഷുറസ് കമ്പനി ജീവനക്കാരി വൈഷ്ണയുടെ ആദ്യ ഭർത്താവും ബിനുമായി സുഹൃത്തുക്കളായിരുന്നു. വൈഷ്ണ ഇതിനിടെ ഭർത്താവുമായി ബന്ധം പിരിഞ്ഞിരുന്നു. അതിനു ശേഷം ബിനുവുമായി ഒരുമിച്ച് താമസിക്കുകയായിരുന്നു.
ഇതിനിടയ്ക്ക് ഇവരും വഴക്കാകുകയും 7 മാസമായി ബിനുവും വൈഷ്ണയും അകന്ന് താമസിക്കുകയായിരുന്നു. ബിനു ഉപദ്രവിക്കുന്നത് പതിവായതോടെയാണ് വൈഷ്ണ അകന്ന് താമസിക്കാൻ തുടങ്ങിയത്. തീപിടിത്തത്തിന് മുമ്പ് ഓഫീസിൽ നിന്ന് ഉച്ചത്തിലുള്ള സംസാരം കേട്ടുവെന്ന് കെട്ടിടത്തിന് സമീപത്തുണ്ടായിരുന്നയാൾ പ്രതികരിച്ചിരുന്നു. നാല് മാസം മുൻപും ബിനു സമാനമായി ഓഫീസിൽ വന്ന് പ്രശ്നമുണ്ടാക്കിയിട്ടുണ്ടെന്നും റിപ്പോർട്ടുകൾ ഉണ്ട്.
ബിനു മണ്ണെണ്ണയുമായി എത്തുകയും വൈഷ്ണയെ കൊലപ്പെടുത്തിയശേഷം ആത്മഹത്യ ചെയ്യുകയും ചെയ്തുവെന്നാണ് പ്രാഥമിക നിഗമനം. മാത്രമല്ല വൈഷ്ണയ്ക്ക് കുത്തേറ്റതായും പൊലീസ് സംശയിക്കുന്നുണ്ട്. ഓഫീസിൽ കത്തി കണ്ടെത്തിയിരുന്നു.