spot_imgspot_img

തൃശൂരിൻ്റെ വിജയം അനായാസമാക്കിയത് ക്യാപ്റ്റൻ വരുൺ നയനാരിൻ്റെ ബാറ്റിങ്

Date:

തിരുവനന്തപുരം: മഴ പല തവണ തടസ്സപ്പെടുത്തിയ മത്സരത്തിൽ തൃശൂർ ടൈറ്റൻസിന് അനായാസ വിജയം ഒരുക്കിയത് ക്യാപ്റ്റന്‍റെ ബാറ്റിങ് മികവ്. 64 റൺസുമായി പുറത്താകാതെ നിന്ന ക്യാപ്റ്റൻ വരുൺ നയനാരുടെ പ്രകടനം. ലീഗിൽ വരുണിന്‍റെ ആദ്യ അർദ്ധ സെഞ്ച്വറി കൂടിയായിരുന്നു ഇന്നത്തേത്. വരുൺ തന്നെയാണ് മാൻ ഓഫ് ദി മാച്ചും

ടോസ് നേടി ഫീൽഡിങ് തെരഞ്ഞെടുത്ത ടൈറ്റൻസ് കരുത്തരായ കൊച്ചിയെ 16 ഓവറിൽ 130 റൺസിന് ഒതുക്കി. മറുപടി ബാറ്റിങ്ങിൽ ഒരറ്റത്ത് ഉറച്ച് നിന്ന് പൊരുതിയ വരുണിൻ്റെ ഇന്നിങ്സാണ് തൃശൂരിന്‍റെ വിജയം അനായാസമാക്കിയത്. തുടക്കത്തിൽ തന്നെ ആനന്ദ് സാഗറിന്‍റെയും അഭിഷേക് പ്രതാപിന്‍റെയും വിക്കറ്റുകൾ നഷ്ടമായെങ്കിലും പകരമെത്തിയ വിഷ്ണു വിനോദ് വരുണിന് മികച്ച പിന്തുണയായി. വിഷ്ണു വിനോദ് 33 പന്തിൽ 46 റൺസെടുത്തു.

കഴിഞ്ഞ മല്സരങ്ങളിൽ മികച്ച തുടക്കം മുതലാക്കാൻ കഴിയാതെ പോയ വരുൺ കൊച്ചിക്കെതിരെ മികച്ച ഫോമിലായിരുന്നു. ആദ്യ ഓവറിൽ തന്നെ ബേസിൽ തമ്പിയെ ബൌണ്ടറി കടത്തിയാണ് വരുൺ തുടങ്ങിയത്. മൈതാനത്തിന്‍റെ എല്ലാ ഭാഗത്തേക്കും ഷോട്ടുകൾ പായിച്ച വരുൺ പേസ് – സ്പിൻ വ്യത്യാസമില്ലാതെ ബൌളർമാരെ അനായാസം നേരിട്ടു.

അജയ്ഘോഷ് എറിഞ്ഞ 12ആം ഓവറിൽ രണ്ട് സിക്സ് നേടിയ വരുൺ തൊട്ടടുത്ത ഓവറിൽ ബേസിൽ തമ്പിയെയും സിക്സർ പറത്തി അർദ്ധസെഞ്ച്വറിയും പൂർത്തിയാക്കി. വിജയത്തിനരികെ വിഷ്ണു വിനോദ് പുറത്തായെങ്കിലും അക്ഷയ് മനോഹർക്കൊപ്പം ചേർന്ന് വരുൺ തൃശൂരിനെ വിജയത്തിലെത്തിച്ചു. ആറ് ഫോറും മൂന്ന് സിക്സും അടങ്ങുന്നതായിരുന്നു വരുണിന്‍റെ ഇന്നിങ്സ്.

സാക്ഷാൽ ഇ കെ നായനാരുടെ കുടുംബത്തിലാണ് വരുണിന്‍റെ ജനനം. ദുബായിൽ കളിച്ചു വളർന്ന വരുണിന്‍റെ കരിയറിൽ നിർണ്ണായകമായത് കേരളത്തിന്‍റെ രഞ്ജി ക്യാപ്റ്റൻ കൂടിയായിരുന്ന സോണി ചെറുവത്തൂരിന്‍റെ ശ്രദ്ധയിൽപ്പെട്ടതോടെയാണ്. ജൂനിയർ ക്രിക്കറ്റിൽ വിസ്മയ താരമായിട്ടായിരുന്നു ഏതാനും വർഷം മുൻപ് വരുൺ വരവറിയിച്ചത്. 16ആം വയസ്സിൽ കേരള അണ്ടർ 19 ടീമിനു വേണ്ടി അരങ്ങേറ്റ മല്സരത്തിൽ തന്നെ ഡബിൾ സെഞ്ച്വറി നേടിയ താരം.

370 പന്തിൽ 25 ബൗണ്ടറികളുമായി 209 റൺസായിരുന്നു അന്ന് വരുൺ നേടിയത്. കേരളത്തിന് വേണ്ടി ഡബിൾ സെഞ്ച്വറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന നേട്ടമായിരുന്നു അന്ന് വരുൺ സ്വന്തമാക്കിയത്. ആ മികവ് വരുണിന് ഇന്ത്യൻ അണ്ടർ 19 ടീമിലേക്കും വഴി തുറന്നു. താമസിയാതെ കേരള രഞ്ജി ടീമിലേക്കും. 7.2 ലക്ഷം രൂപയ്ക്കാണ് തൃശൂര്‍ ടൈറ്റന്‍സ് വരുണ്‍ നയനാരെ സ്വന്തമാക്കിയത്.

 

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

നിപയല്ല, യുവതിയുടെ പരിശോധന ഫലം നെഗറ്റിവ്

കോഴിക്കോട്: നിപാ രോഗ ലക്ഷണങ്ങളോടെ കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന മലപ്പുറം...

ഗോകുലം റെയ്ഡ് അവസാനിച്ചു; കോടികൾ പിടിച്ചെടുത്തതായി സൂചന

ചെന്നൈ: വ്യവസിയും സിനിമ നിർമ്മാതാവുമായ ഗോകുലം ഗോപാലന്റെ ഓഫീസുകളിലെ ഇ ഡി...

പൃഥ്വിരാജിന് ആദായ നികുതി വകുപ്പ് നോട്ടീസ്

തിരുവനന്തപുരം: നടനും സംവിധായകനുമായ പൃഥ്വിരാജിന് ആദായ നികുതി വകുപ്പിന്റെ നോട്ടീസ്. മുൻ...

നിപ ലക്ഷണങ്ങളുമായി യുവതി; സ്രവം പരിശോധനയ്ക്ക് അയച്ചു

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിൽ നിപ ലക്ഷണങ്ങളുമായി യുവതി ചികിത്സയിൽ. മലപ്പുറം...
Telegram
WhatsApp