spot_imgspot_imgspot_img

അമീബിക് മസ്തിഷ്‌ക ജ്വരം: മുങ്ങിക്കുളി ഒഴിവാക്കണമെന്ന് ഡി.എം.ഒ

Date:

തിരുവനന്തപുരം: കെട്ടിക്കിടക്കുന്ന വെള്ളത്തിൽ മുങ്ങി കുളിക്കുന്നവരിലും നീന്തുന്നവരിലും വളരെ അപൂർവമായി ഉണ്ടാകുന്ന രോഗ ബാധയാണ് അമീബിക് മസ്തിഷ്‌ക ജ്വരം അഥവാ അമീബിക് എൻസെഫലൈറ്റിസ്. ഇതിനെതിരെ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.

നേഗ്ലെറിയ ഫൗലേറി, അക്കാന്ത അമീബ ,സാപ്പിനിയ, ബാലമുത്തിയ വെർമമീബ എന്നീ അമീബ വിഭാഗത്തിൽപ്പെട്ട രോഗാണുക്കൾ തലച്ചോറിനെ ബാധിക്കുമ്പോഴാണ് രോഗം ഉണ്ടാകുന്നത്.

മൂക്കിനേയും മസ്തിഷ്‌കത്തേയും വേർതിരിക്കുന്ന നേർത്ത പാളിയിലുള്ള സുഷിരങ്ങൾ വഴിയോ കർണ്ണ പടലത്തിലുണ്ടാകുന്ന സുഷിരം വഴിയോ അമീബ തലച്ചോറിലേക്ക് കടക്കുകയും മെനിഞ്ചോ എൻസെഫലൈറ്റിസ് ഉണ്ടാക്കുകയും ചെയ്യുന്നു. 97 ശതമാനത്തിലധികം മരണനിരക്കുള്ള രോഗമാണിത്. രോഗം മനുഷ്യരിൽ നിന്നും മനുഷ്യരിലേക്ക് പകരില്ല. വെള്ളത്തിലിറങ്ങുമ്പോൾ അടിത്തട്ടിലെ ചെളിയിലുള്ള അമീബ വെള്ളത്തിൽ കലങ്ങുകയും മൂക്കിലൂടെ ശരീരത്തിൽ പ്രവേശിക്കുകയും ചെയ്യുന്നു. രോഗാണുബാധ ഉണ്ടായാൽ ഒന്ന് മുതൽ ഒൻപത് ദിവസങ്ങൾക്കുള്ളിൽ രോഗലക്ഷണങ്ങൾ പ്രകടമാകും.

*പ്രാഥമിക ലക്ഷണങ്ങൾ*

തീവ്രമായ തലവേദന, പനി, ഓക്കാനം, ഛർദ്ദി, കഴുത്ത് തിരിക്കാൻ ബുദ്ധിമുട്ട്, വെളിച്ചത്തിലേക്ക് നോക്കാനുള്ള ബുദ്ധിമുട്ട്

*കുഞ്ഞുങ്ങളിൽ പൊതുവായി കാണപ്പെടുന്ന ലക്ഷണങ്ങൾ*

ഭക്ഷണം കഴിക്കാനുള്ള വിമുഖത, നിഷ്‌ക്രിയരായി കാണപ്പെടുക, സാധാരണമല്ലാത്ത പ്രതികരണങ്ങൾ

രോഗം ഗുരുതരാവസ്ഥയിലായാൽ അപസ്മാരം, ബോധക്ഷയം, ഓർമ്മക്കുറവ് എന്നിവയുണ്ടാകുന്നു. രോഗലക്ഷണങ്ങൾ പ്രകടമായാൽ എത്രയും വേഗം ചികിത്സ ലഭ്യമാക്കണം. കെട്ടിക്കിടക്കുന്ന വെള്ളത്തിൽ കുളിക്കുകയോ നീന്തുകയോ ചെയ്തവർ ആ വിവരം ഡോക്ടറെ അറിയിക്കണം.

*പ്രതിരോധ മാർഗങ്ങൾ*

കെട്ടിക്കിടക്കുന്ന വെള്ളത്തിൽ കുളിക്കുന്നതും ഡൈവ് ചെയ്യുന്നതും ഒഴിവാക്കണം.

നീന്തുന്നവരും നീന്തൽ പഠിക്കുന്നവരും മൂക്കിൽ വെള്ളം കടക്കാതിരിക്കാൻ നോസ് ക്ലിപ്പ് ഉപയോഗിക്കണം.

വാട്ടർ തീം പാർക്കുകളിലേയും സ്വിമ്മിങ് പൂളുകളിലേയും വെള്ളം കൃത്യമായി ക്ലോറിനേറ്റ് ചെയ്ത് ശുദ്ധമാണെന്ന് ഉറപ്പാക്കണം.

ജലസ്രോതസ്സുകളിൽ കുളിക്കുമ്പോൾ മൂക്കിലേക്ക് വെള്ളം കയറാതിരിക്കാൻ ശ്രദ്ധിക്കണം.

മലിനമായ കെട്ടിക്കിടക്കുന്ന വെള്ളത്തിൽ മുങ്ങി കുളിക്കുന്നതും, മുഖവും വായും ശുദ്ധമല്ലാത്ത വെള്ളത്തിൽ കഴുകുന്നതും പൂർണ്ണമായും ഒഴിവാക്കണം.

*നീന്തൽ കുളങ്ങളിൽ പാലിക്കേണ്ട ശുചിത്വ നിർദ്ദേശങ്ങൾ*

ആഴ്ചയിൽ ഒരിക്കൽ വെള്ളം പൂർണ്ണമായും ഒഴുക്കി കളയണം.

സ്വിമ്മിങ് പൂളിന്റെ വശങ്ങളും തറയും ബ്രഷ് ഉപയോഗിച്ച് ഉരച്ച് കഴുകണം.

പ്രതലങ്ങൾ നന്നായി ഉണങ്ങാൻ അനുവദിക്കണം.

നീന്തൽ കുളങ്ങളിലെ ഫിൽറ്ററുകൾ വൃത്തിയാക്കി ഉപയോഗിക്കണം.

പുതിയതായി നിറയ്ക്കുന്ന വെള്ളം ക്ലോറിനേറ്റ് ചെയ്തതിന് ശേഷം ഉപയോഗിക്കണം.

വെള്ളത്തിന്റെ അളവിനനുസരിച്ച് അഞ്ച് ഗ്രാം ബ്ലീച്ചിംഗ് പൗഡർ 1000 ലിറ്റർ വെള്ളത്തിന് എന്ന അനുപാതത്തിൽ ക്ലോറിനേറ്റ് ചെയ്യണം.

ക്ലോറിൻ ലെവൽ 0.5 പി.പി.എം മുതൽ 3 പി.പി.എം ആയി നിലനിർത്തണം.

കൂടുതൽ വിവരങ്ങൾക്ക് ദിശ 1056, 0471- 2552056, 104

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

കണിയാപുരത്ത് അടച്ചിട്ട വീട്ടിൽ വൻ മോഷണം; 12 പവൻ സ്വർണം കവർന്നു

കണിയാപുരം: കണിയാപുരം നമ്പ്യാർകുളം സ്വദേശി താഹിറിൻ്റെ വീട്ടിൽ മോഷണം. വീട്ടുകാർ ചടങ്ങിൽ...

കഴക്കൂട്ടത്ത് 25 ചാക്ക് നിരോധിത ഉൽപ്പന്നങ്ങളുമായി യുവാവ് പിടിയിൽ

കഴക്കൂട്ടത്ത് വൻ പുകയില വേട്ട: 25 ചാക്ക് നിരോധിത ഉൽപ്പന്നങ്ങളുമായി യുവാവ്...

തിരുവനന്തപുരത്ത് സ്കൂൾ കെട്ടിടം തകർന്നു വീണു

തിരുവനന്തപുരം: തിരുവനന്തപുരം അട്ടക്കുളങ്ങരയിൽ സ്കൂൾ കെട്ടിടം തകർന്നു വീണു. അട്ടക്കുളങ്ങര സെൻട്രൽ...

കഴക്കൂട്ടം ഗവ.ഹയർ സെക്കന്ററി സ്‌കൂളിൽ അദ്ധ്യാപക ഒഴിവ്

തിരുവനന്തപുരം: കഴക്കൂട്ടം ഗവ.ഹയർ സെക്കൻ്ററി സ്കൂളിൽ ഹൈ സ്കൂൾ വിഭാഗത്തിൽ ഫിസിക്കൽ...
Telegram
WhatsApp